ആദിവാസി പ്രക്ഷോഭം തടയാൻ സോണി സോറിയെ അറസ്റ്റ് ചെയ്തു

ആദിവാസികളുടെ ജയിൽ മോചനം ആവശ്യപ്പെട്ട് ബിജാപൂർ, സുക്മ, ദന്തേവാഡ എന്നിവിടങ്ങളിൽ നിന്ന് ആറായിരത്തോളം പേർ നകുൽനാർ ഗ്രാമത്തിൽ പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്തു

Update: 2019-10-06 01:39 GMT

ദന്തേവാഡ: ആദിവാസി പ്രവർത്തകയും ആം ആദ്മി പാർട്ടി നേതാവുമായ സോണി സോറി അറസ്റ്റിൽ. തടവിലാക്കപ്പെട്ട ആദിവാസികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ നടക്കുന്ന പ്രക്ഷോഭത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് പോലിസ് അറസ്റ്റ് ചെയ്തത്. ആദിവാസി സമ്മേളനം വൈകീട്ട് അവസാനിച്ചതിന് ശേഷം അവർക്ക് ജാമ്യം ലഭിച്ചു.

ആദിവാസികളുടെ ജയിൽ മോചനം ആവശ്യപ്പെട്ട് ബിജാപൂർ, സുക്മ, ദന്തേവാഡ എന്നിവിടങ്ങളിൽ നിന്ന് ആറായിരത്തോളം പേർ നകുൽനാർ ഗ്രാമത്തിൽ പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്തതായി പത്രപ്രവർത്തകൻ ലിംഗ കൊഡോപ്പി പറഞ്ഞു. ദന്തേവാഡ കലക്ടർക്കും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനും യോഗം നടത്തുന്നത് സംബന്ധിച്ച് നേരത്തെ തന്നെ കത്ത് നൽകിയിരുന്നു. എന്നാൽ പോലിസ് അവർക്ക് അനുമതി നിഷേധിക്കുകയും സോറിയെ ദന്തേവാഡ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ഛത്തീസ്ഗഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബസ്തറിലെ ആദിവാസികൾക്കെതിരേയുള്ള പോലിസ് നടപടികൾ അവസാനിപ്പിക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. 15 വർഷമായി സംസ്ഥാനം ഭരിച്ച ഭാരതീയ ജനതാ പാർട്ടിക്കെതിരെ കോൺഗ്രസ്സ് നിർണായക വിജയം നേടിയിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ബസ്തറിലെ ആദിവാസിക്കെതിരെ ചുമത്തിയ പോലീസ് കേസുകൾ പുനപരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നെങ്കിലും കോൺഗ്രസ്സ് ഭരണകാലത്ത് സമാനമായ അറസ്റ്റുകൾ നേരിടുന്നുണ്ടെന്ന് ആദിവാസി പ്രവർത്തകർ ആരോപിക്കുന്നു.

കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാനങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് അറിയാനാണ് ആദിവാസികൾ സംഘടിച്ചതെന്ന് സോറി പറഞ്ഞു. സർക്കാർ രൂപീകരിച്ച ഏതെങ്കിലും കമ്മിറ്റിയെക്കുറിച്ചോ അംഗങ്ങൾ ആരാണെന്നോ എന്ത് തീരുമാനങ്ങൾ എടുക്കുന്നുവെന്നോ നേതാക്കൾ എന്ന നിലയിൽ അവർക്കും ഞങ്ങൾക്കും അറിയില്ല. 10 മാസമായി, നിരപരാധികളെ മോചിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല, ഈ സർക്കാർ അധികാരത്തിലേറിയ ശേഷം അറസ്റ്റുകൾക്കും വ്യാജ കീഴടങ്ങലുകൾക്കും വ്യാജ ഏറ്റുമുട്ടലുകൾക്കും അവധിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Similar News