മുന്‍ അധ്യാപകനെതിരായ പീഡന പരാതിയില്‍ നടപടിയെടുക്കും: വി ശിവന്‍കുട്ടി

ശശികുമാര്‍ അധ്യാപകനായിരുന്ന മലപ്പുറത്തെ സെന്റ് ജമ്മാസ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.

Update: 2022-05-13 09:47 GMT

തിരുവനന്തപുരം: മലപ്പുറം നഗരസഭയിലെ സിപിഎം കൗണ്‍സിലറും മുന്‍ അധ്യാപകനുമായ കെ വി ശശികുമാറിനെതിരായ പീഡന പരാതിയില്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ ഡിഡിഇയോട് വിശദീകരണം തേടിയിട്ടുണ്ട്. റിപോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ശശികുമാര്‍ അധ്യാപകനായിരുന്ന മലപ്പുറത്തെ സെന്റ് ജമ്മാസ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. അധ്യാപകനായിരുന്നപ്പോള്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ശശികുമാര്‍ നഗരസഭ അംഗ്വതം രാജിവെച്ചിരുന്നു. സിപിഎം ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനുണ്ടെന്നും പ്രതികരിക്കേണ്ട സമയത്ത് വിഷയത്തെ കുറിച്ച് പ്രതികരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പുരസ്‌കാരദാന വേദിയില്‍ വെച്ച് സമസ്ത നേതാവ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തെ ഇ പി ജയരാജന്‍ വിമര്‍ശിച്ചു. ഇത്തരം തെറ്റായ പ്രവണതകളെ അംഗീകരിക്കാനാകില്ലെന്ന് അദ്ദഹം പറഞ്ഞു.