മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസക്കെതിരെ പാര്‍ട്ടി നടപടി. അന്വേഷണ വിധേയമായി എല്ലാ സ്ഥാനങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഹംസ അച്ചടക്ക ലംഘനം നടത്തിയെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് നടപടി.
കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ കെ എസ് ഹംസ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി യുഡിഎഫിലാണോ എല്‍ഡിഎഫിലാണോ എന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്നായിരുന്നു ഹംസയുടെ ചോദ്യം.
കൊച്ചിയില്‍ ശനിയാഴ്ച ചേര്‍ന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയിലാണ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്, സംസ്ഥാന സര്‍ക്കാറിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമ്പോള്‍ മുസ്‌ലിം ലീഗ് എവിടെ നില്‍ക്കുന്നുവെന്ന് വിലയിരുത്തണമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
അഴകൊഴമ്പന്‍ നിലപാടിന് കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന് കെ എസ് ഹംസ തുറന്നടിച്ചു. യുഡിഎഫിലാണോ എല്‍ഡിഎഫിലാണോ കുഞ്ഞാലിക്കുട്ടി നില്‍ക്കുന്നതെന്ന ശക്തമായ വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തി. പ്രതിപക്ഷം സമരമുഖത്ത് നില്‍ക്കുമ്പോള്‍ ലീഗിന്റെ റോള്‍ യഥാവിധി നിറവേറ്റപ്പെടുന്നില്ലെന്ന് കെ എം ഷാജിയും വിമര്‍ശിച്ചിരുന്നു. ചന്ദ്രികയുടെ ഫണ്ട് നിര്‍വഹണം സുതാര്യമാകണമെന്ന് പി കെ ബഷീറും ആവശ്യപ്പെട്ടു.