കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലപാതക കേസ് പ്രതി പിടിയില്‍. കര്‍ണാടകത്തിലെ ധര്മ്മസ്ഥലത്തു നിന്നുമാണ് പെരിന്തല്‍മണ്ണ സ്വദേശിയായ വിനീഷിനെ പിടികൂടിയത്. കോഴിക്കോടു നിന്നും ട്രെയിന്‍ മാര്‍ഗം മംഗലാപുരത്ത് എത്തിയ പ്രതി അവിടെ നിന്നും ബൈക്ക് മോഷ്ടിച്ചാണ് ധര്‍മ്മസ്ഥലില്‍ എത്തിയത്. വിനീഷ് കുതിരവട്ടത്തു നിന്നും ചാടിയത് മുതല്‍ വ്യാപക പരിശോധന നടത്തിയ പോലിസ് പിന്നാലെയെത്തി പിടികൂടുകയായിരുന്നു. മാനസികാസ്വാസ്ഥ്യം നടിച്ച് ഇയാള്‍ കുതിരവട്ടത്ത് എത്തിയത് ജയില്‍ ചാടാനുള്ള തന്ത്രമായിരുന്നു എന്നാണ് പോലിസ് കരുതുന്നത്. മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.