അൻവേ നായിക്കിന്റെ ആത്മഹത്യ; അർണബ് ​ഗോസ്വാമിക്കെതിരേ കുറ്റപത്രം

കുടിശ്ശിക നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് നായിക്ക് പ്രതികളോട് പറഞ്ഞിരുന്നു. എന്നിട്ടും, ഭീഷണി അവഗണിച്ച് തനിക്ക് ഇഷ്ടമുള്ളത് ചെയ്യാനാണ് പ്രതികൾ പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.

Update: 2020-12-05 13:06 GMT

മുംബൈ: അൻവേ നായിക്കിന്റെ ആത്മഹത്യക്കേസിൽ റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കും മറ്റ് രണ്ട് പേർക്കുമെതിരേ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ നൽകാനുള്ള കുടിശ്ശിക നൽകാത്തതിനാൽ മാനസിക പിരിമുറുക്കത്തിലായിരുന്ന നായിക്ക് തൂങ്ങിമരിക്കുന്നതിനുമുമ്പ് തന്റെ കച്ചവട പങ്കാളിയായ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഇന്റീരിയർ ഡിസൈനർ അൻവേ നായിക്കും അമ്മയും ആത്മഹത്യ ചെയ്തുവെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ റെയ്ഗഡ് ജില്ലയിലെ അലിബാഗിലെ വിചാരണ കോടതിയിലാണ് പോലിസ് കുറ്റപത്രം സമർപ്പിച്ചത്. ഗോസ്വാമിയെ കൂടാതെ മറ്റ് രണ്ട് പ്രതികൾ ഫിറോസ് ഷെയ്ക്ക്, നിതീഷ് സർദ എന്നിവരാണ്.

കുടിശ്ശിക നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് നായിക്ക് പ്രതികളോട് പറഞ്ഞിരുന്നു. എന്നിട്ടും, ഭീഷണി അവഗണിച്ച് തനിക്ക് ഇഷ്ടമുള്ളത് ചെയ്യാനാണ് പ്രതികൾ പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. നായിക് പിന്നീട് ആത്മഹത്യാക്കുറിപ്പ് എഴുതി തൂങ്ങിമരിക്കുകയായിരുന്നു. നായിക്കിന്റെ കൈയക്ഷരം ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരവുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഫോറൻസിക് റിപോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.