ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാക്കും; മണിപ്പൂര്‍ ഹരജിയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

Update: 2023-08-01 11:08 GMT
ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഭരണഘടന-ക്രമസമാധാന സംവിധാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നതായി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മണിപ്പൂരില്‍ ആള്‍ക്കൂട്ടം നഗ്നയാക്കി നടത്തിച്ച കുക്കി ക്രൈസ്തവ സ്ത്രീയുടെ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസെക്കുന്നതില്‍ വലിയ വീഴ്ചകള്‍ ഉണ്ടായെന്നും ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും സുപ്രിംകോടതി ചോദിച്ചു. മെയ് ആദ്യം മുതല്‍ ജൂലൈ വരെ മണിപ്പൂരില്‍ നിയമം ഇല്ലാത്ത അവസ്ഥയാണ്. കലാപത്തില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വലിയ കാലതാമസം ഉണ്ടായി. കുറച്ച് അറസ്റ്റുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. വെള്ളിയാഴ്ച രണ്ടു മണിക്ക് ഡിജിപി നേരിട്ടു ഹാജരായി വിവരങ്ങള്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ആള്‍ക്കൂട്ടത്തിനു തന്നെ കൈമാറിയതു പോലിസാണെന്നാണ് നഗ്‌നയാക്കി നടത്തി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട യുവതി മൊഴി നല്‍കിയിരുന്നു. യഥാര്‍ഥത്തില്‍ എന്താണ് നടന്നതെന്ന് കണ്ടെത്തേണ്ടത് ഡിജിപിയുടെ ചുമതലയാണ്. എന്നാല്‍, ഈ സംഭവത്തില്‍ ഏതെങ്കിലും പോലിസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കൊലപാതകം, ബലാത്സംഗം, സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തരംതിരിച്ച് എഫ്‌ഐആറുകളുടെ വിവരം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം തുടരുകയാണെന്നും വെള്ളിയാഴ്ച റിപോര്‍ട്ട് നല്‍കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് 6532 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, 6523 എഫ്‌ഐആറുകളില്‍ വ്യക്തതയില്ലെന്നും അറിയിച്ചിട്ടുണ്ട്.
Tags:    

Similar News