തൃണമൂലില്‍ അഴിച്ചുപണി; അഭിഷേക് ബാനര്‍ജി ദേശീയ ജനറല്‍ സെക്രട്ടറി, യുവജനവിഭാഗം പ്രസിഡന്റ് സ്ഥാനം രാജിവച്ചു

ഡയമണ്ട് ഹാര്‍ബറില്‍നിന്നുള്ള ലോക്‌സഭാ എംപിയായ അഭിഷേക് ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് യുവജന വിഭാഗം പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. 'ഒരു നേതാവ്, ഒരു സ്ഥാനം' എന്ന നയം നടപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിനെത്തുടര്‍ന്നാണ് അഭിഷേക് ബാനര്‍ജി തൃണമൂല്‍ യുവജനവിഭാഗമായ ഓള്‍ ഇന്ത്യ തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.

Update: 2021-06-05 13:08 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നുംജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി നടത്തി മുഖ്യമന്ത്രി മമതാ ബാനര്‍ജി. യുവജന വിഭാഗം നേതാവും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഡയമണ്ട് ഹാര്‍ബറില്‍നിന്നുള്ള ലോക്‌സഭാ എംപിയായ അഭിഷേക് ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് യുവജന വിഭാഗം പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. 'ഒരു നേതാവ്, ഒരു സ്ഥാനം' എന്ന നയം നടപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിനെത്തുടര്‍ന്നാണ് അഭിഷേക് ബാനര്‍ജി തൃണമൂല്‍ യുവജനവിഭാഗമായ ഓള്‍ ഇന്ത്യ തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.

പകരം നടിയും തൃണമൂല്‍ നേതാവുമായ സയാനി ഘോഷ് ഈ ചുമതല വഹിക്കും. നിയമസഭ തിരഞ്ഞെടുപ്പില്‍ അസന്‍സോള്‍ സൗത്തില്‍നിന്ന് മല്‍സരിച്ച സയോനി പരാജയപ്പെട്ടിരുന്നു. ടിഎംസിയുടെ യുവജന വിഭാഗം പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ അദ്ദേഹത്തെ മിനിറ്റുകള്‍ക്കുള്ളില്‍ പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജി ദേശീയ ജനറല്‍ സെക്രട്ടറിയാക്കുകയായിരുന്നു. പാര്‍ട്ടി വക്താവ് കുനാല്‍ ഘോഷിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി വര്‍ക്കിങ് കമ്മിറ്റിയുടെ ആദ്യയോഗത്തിലാണ് തീരുമാനം.

പശ്ചിമബംഗാളിന് പുറത്ത് സംഘടന വിപുലീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി മന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. പാര്‍ട്ടിയില്‍ 'ഒരാള്‍ക്ക് ഒരു സ്ഥാനം' പോളിസി നടപ്പാക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോല സെന്നിനെ ഇന്ത്യന്‍ നാഷനല്‍ തൃണമൂല്‍ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസിന്റെ (ഐഎന്‍ടിടിയുസി) പ്രസിഡന്റായും നിയമിച്ചു. റിതബ്രത ബാനര്‍ജിയാണ് സംസ്ഥാന ഐഎന്‍ടിടിയുസി ജനറല്‍ സെക്രട്ടറി. പാര്‍ട്ടിയുടെ വനിതാവിഭാഗം പ്രസിഡന്റായി കകോലി ഘോഷ് ദാസ്തിദാര്‍ എംപിയെയും മുതിര്‍ന്ന നേതാവ് പൂര്‍ണേന്ദു ബോസിനെ കര്‍ഷകവിഭാഗം പ്രസിഡന്റായും തിരഞ്ഞെടുത്തു.

Tags:    

Similar News