അഭിമന്യു വധക്കേസ്: രണ്ട് പ്രതികള്‍ കൂടി പിടിയില്‍

അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ ഇരുവര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന് പോലിസ് അറിയിച്ചു. നേരത്തെ കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത്, കൂട്ടുപ്രതി വിഷ്ണു തമ്പി എന്നിവര്‍ പിടിയിലായിരുന്നു.

Update: 2021-04-18 10:58 GMT

ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. വള്ളിക്കുന്നം സ്വദേശികളായ പ്രണവ് (23), ആകാശ് (20) എന്നിവരാണ് അറസ്റ്റിലായത്. അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ ഇരുവര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന് പോലിസ് അറിയിച്ചു. നേരത്തെ കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത്, കൂട്ടുപ്രതി വിഷ്ണു തമ്പി എന്നിവര്‍ പിടിയിലായിരുന്നു.

അഭിമന്യുവിന്റെ ജ്യേഷ്ഠനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ അനന്തുവിനോടുണ്ടായിരുന്ന മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി. ക്ഷേത്രോല്‍സവത്തിനിടെ അഭിമന്യുവുമായി വാക്കേറ്റമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. സജയ് ജിത്ത് വെള്ളിയാഴ്ചയാണ് പാലാരിവട്ടം പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.

പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് കീഴടങ്ങിയതെന്ന് സജയ് ജിത്ത് പോലിസിനോട് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മറ്റൊരു പ്രതിയായ ജിഷ്ണുവിനെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് പാലാരിവട്ടം പോലിസ് ജിഷ്ണുവിനെയും കസ്റ്റഡിയിലെടുത്തു. ഉല്‍സവപ്പറമ്പിലെ സംഘര്‍ഷത്തിനിടയില്‍ അഭിമന്യുവിനെ കുത്തി വീഴ്ത്തിയത് സജയ് ജിത്താണെന്ന് പോലിസ് പറയുന്നു.

സജയ്ജിത്തിനും വിഷ്ണുവിനും പുറമെ മൂന്നുപേര്‍ കൂടി കുറ്റകൃത്യത്തില്‍ പങ്കെടുത്തുവെന്നാണ് പോലിസിന്റെ നിഗമനം. കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദര്‍ശിന്റെയും മൊഴി കേസില്‍ നിര്‍ണായകമാണ്. ചികില്‍സയിലുള്ള ഇവരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.

Tags:    

Similar News