ഇത് ചരിത്രം; ഡിയര്‍ബോണിന്റെ ആദ്യ അറബ്-അമേരിക്കന്‍ മേയറായി അബ്ദുല്ല ഹമ്മൂദ്
ലെബനനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ജനിച്ച 31 കാരനായ അബ്ദുല്ല ഹമ്മൂദ് ആണ് അറബ് വംശജര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഡിയര്‍ബോണ്‍ നഗരത്തിന്റെ മേയര്‍പദവി പിടിച്ചെടുത്ത് ചരിത്രം രചിച്ചത്.
മിഷിഗണ്‍: ആദ്യ അറബ് അമേരിക്കന്‍ മേയറെ തിരഞ്ഞെടുത്ത് ചരിത്രത്തിലേക്ക് ചുവട് വച്ച് മിഷിഗണിലെ ഡിയര്‍ബോണ്‍ നഗരം. ലെബനനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ജനിച്ച 31 കാരനായ അബ്ദുല്ല ഹമ്മൂദ് ആണ് അറബ് വംശജര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഡിയര്‍ബോണ്‍ നഗരത്തിന്റെ മേയര്‍പദവി പിടിച്ചെടുത്ത് ചരിത്രം രചിച്ചത്.
66 കാരനായ മുന്‍ സ്റ്റേറ്റ് പ്രതിനിധിയും മുന്‍ വെയ്ന്‍ കൗണ്ടി കമ്മീഷണറുമായ ഗാരി വോറോന്‍ചാക്കിനെയാണ് 55 ശതമാനം വോട്ടുകള്‍ നേടി ഹമ്മൂദ് പരാജയപ്പെടുത്തിയത്. ഇതു പുതിയ യുഗപ്പിറവിയെന്നാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ട ഹമ്മൂദ് പ്രതികരിച്ചത്.
'വിശ്വാസത്തിന്റെയോ വംശീയതയുടെയോ പേരില്‍ എപ്പോഴെങ്കിലും പരിഹസിക്കപ്പെട്ടിട്ടുള്ള പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും, തങ്ങളുടെ പേരുകള്‍ അഭികാമ്യമല്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുള്ളവരോടും, നമ്മുടെ മാതാപിതാക്കളോടും നമ്മുടെ മുതിര്‍ന്നവരോടും
മോശം ഇംഗ്ലീഷ് ഉച്ചാരണത്തിന്റെ പേരില്‍ അപമാനിതരായ മറ്റുള്ളവരോടും നിങ്ങള്‍ മറ്റാരെയും പോലെ അമേരിക്കക്കാരനാണെന്നതിന്റെ തെളിവാണ് ഇന്ന്'-ഹമ്മൂദ് പറഞ്ഞു.
അടുത്ത വര്‍ഷമാദ്യം ഹമ്മൂദ് അധികാരമേറ്റെടുക്കുന്നതോടെ മധ്യ പടിഞ്ഞാറന്‍ സംസ്ഥാനമായ മിഷിഗണിലെ 110,000ത്തോളം പേര്‍ വസിക്കുന്ന ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഡിയര്‍ബോണിനെ നയിക്കുന്ന ആദ്യത്തെ മുസ്ലീമും വെളുത്തവര്‍ഗക്കാരനല്ലാത്ത ആദ്യ വ്യക്തിയുമായി അദ്ദേഹം മാറും.
ഹമ്മൂദിന്റെ വിജയത്തിന് ദേശീയ പ്രാധാന്യമേറെയാണെന്നാണ് പ്രാദേശിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.അറബ് -അമേരിക്കന്‍ സമൂഹത്തിന് വര്‍ദ്ധിച്ച രാഷ്ട്രീയ പങ്കാളിത്തത്തിലൂടെ, തിരഞ്ഞെടുപ്പ് ഫലങ്ങളെ നിര്‍ണ്ണായകമായി സ്വാധീനിക്കാനും തങ്ങള്‍ക്ക് പ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുക്കാനും കഴിയുമെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
