അഴിമതി ആരോപണം:ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഎപി

ഖാദി കമ്മീഷന്‍ ചെയര്‍മാനായിരിക്കെ നോട്ട് അസാധുവാക്കല്‍ സമയത്ത് കണക്കില്‍ പെടാത്ത പണം മാറാന്‍ സക്‌സേന ജീവനക്കാരെ നിര്‍ബന്ധിച്ചെന്ന് എഎപി എംഎല്‍എ ദുര്‍ഗേഷ് പഥക് ആരോപിച്ചു

Update: 2022-08-30 07:26 GMT

ന്യൂഡല്‍ഹി:അഴിമതി ആരോപണങ്ങളില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആം ആദ്മി പാര്‍ട്ടി.ഖാദി കമ്മീഷന്‍ ചെയര്‍മാനായിരിക്കെ നോട്ട് അസാധുവാക്കല്‍ സമയത്ത് കണക്കില്‍ പെടാത്ത പണം മാറാന്‍ വി കെ സക്‌സേന ജീവനക്കാരെ നിര്‍ബന്ധിച്ചെന്ന് എഎപി എംഎല്‍എ ദുര്‍ഗേഷ് പഥക് ആരോപിച്ചു. ഈ അഴിമതി സിബിഐ അന്വേഷിക്കണമെന്നാണ് എഎപിയുടെ ആവശ്യം.സക്‌സേനക്കെതിരേ പരാതി നല്‍കാന്‍ എഎപി നേതാക്കളുടെ ഒരു സംഘം സിബിഐ ആസ്ഥാനത്തേക്ക് പോകും.

സക്‌സേനക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ രാത്രി മുഴുവന്‍ ഡല്‍ഹി നിയമസഭയില്‍ ധര്‍ണ്ണ നടത്തി.ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേനയ്‌ക്കെതിരെ അന്വേഷണത്തിന് എഎപി എംഎല്‍എമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ, മന്ത്രിമാരായ മനീഷ് സിസോദിയയെയും സത്യേന്ദര്‍ ജെയിനെയും പുറത്താക്കണമെന്ന് ബിജെപി നേതാക്കളും ആവശ്യപ്പെട്ടു.

20221-22 കാലത്ത് ഡല്‍ഹി എക്‌സൈസ് വകുപ്പില്‍ നയപരമായ മാറ്റങ്ങള്‍ വരുത്തി അഴിമതി നടത്തിയെന്ന് മനീഷ് സിസോദിയക്കെതിരെ ആരോപണം ഉയര്‍ന്നതിനെ സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സക്‌സേന ശുപാര്‍ശ ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഭവം.സക്‌സേനയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ മാസം ആദ്യം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ റെയ്ഡ് നടത്തുകയും ചെയ്തു.ഇതില്‍ പ്രതികാരമായാണ് എഎപി നേതാക്കള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബിജെപി പറഞ്ഞു.


Tags:    

Similar News