സര്‍ക്കാര്‍ ജോലിക്ക് ഇനി ആധാര്‍ നിര്‍ബന്ധം

Update: 2020-06-14 09:56 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക് ഇനി നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പിഎസ്‌സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, സര്‍വിസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവരും ആധാര്‍ ബന്ധിപ്പിക്കണം. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴില്‍തട്ടിപ്പ് തടയാനും സര്‍ക്കാര്‍ ജോലിക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ആള്‍മാറാട്ടത്തിലൂടെയുള്ള തൊഴില്‍തട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെ ആറുമാസം മുമ്പാണ് പിഎസ്‌സി ഇതാരംഭിച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നിയമന ശുപാര്‍ശ നേരിട്ട് കൈമാറുന്ന രീതിക്കും ആധാറുമായി ബന്ധിപ്പിച്ചാണ് വിരലടയാളം ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ നടത്തിയിരുന്നത്. പിഎസ്‌സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷനില്‍ ഇതുവരെ 32 ലക്ഷം പേര്‍ പ്രൊഫൈല്‍ ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 53 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവരില്‍ നിയമന ശുപാര്‍ശ കിട്ടുന്നവര്‍ ആധാര്‍ ബന്ധിപ്പിക്കേണ്ടതുണ്ട്.

    2010 മുതലാണ് സര്‍ക്കാര്‍ജോലി സ്ഥിരപ്പെടുത്താന്‍ പിഎസ്‌സി നിയമന പരിശോധന ഏര്‍പ്പെടുത്തിയത്. സേവനപുസ്തകത്തിലെ വിവരങ്ങള്‍ നിയമാധികാരികള്‍ സാക്ഷ്യപ്പെടുത്തി പിഎസ്‌സിക്കു കൈമാറും. ഇവ ബയോമെട്രിക് വിവരങ്ങളുമായി ഒത്തുനോക്കിയ ശേഷമേ ജീവനക്കാരനെ ജോലിയില്‍ സ്ഥിരപ്പെടുത്തൂ. ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ അപേക്ഷിക്കുന്ന പിഎസ്‌സി വിജ്ഞാപനങ്ങള്‍ പരിശോധിച്ച് യോഗ്യതയുള്ളവരെ മാത്രമാണ് പരീക്ഷയ്ക്ക് ക്ഷണിക്കുക. അപേക്ഷകന്‍ തന്നെയാണ് പരീക്ഷാ ഹാളില്‍ പരീക്ഷയെഴുതാന്‍ എത്തിയിരിക്കുന്നതെന്ന് ബയോമെട്രിക് പരിശോധനയിലൂടെ ഉറപ്പാക്കും. കായിക പരീക്ഷ, അഭിമുഖം, രേഖാപരിശോധന എന്നിവയ്ക്കും ബയോമെട്രിക് പരിശോധന നടത്തും. ജോലിയില്‍ പ്രവേശിച്ച ശേഷവും പരിശോധന ആധാറിലൂടെയാവും.



Tags:    

Similar News