യോഗി കേരളത്തിൽ വന്ന് ബിജെപി ജാഥ ഉദ്ഘാടനം ചെയ്യുന്നത് കടുത്ത ആശങ്കയോടെ കാണുന്നു: എ വിജയരാഘവൻ

അദ്ദേഹത്തിൻറെ വരവ് പ്രത്യേക ഉദ്ദേശങ്ങളോടെ ആണോ എന്നതും തിരിച്ചറിയേണ്ടതുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു.

Update: 2021-02-21 06:10 GMT

തിരൂർ: ലൗജിഹാദ് നിയമമാക്കിയ യുപിയിലെ യോഗി ആദിത്യനാഥ് കേരളത്തിൽ വന്ന് ബിജെപിയുടെ ജാഥ ഉദ്ഘാടനം ചെയ്യുന്നത് കടുത്ത ആശങ്കയോടെയാണ് കാണുന്നതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അഭിപ്രായപ്പെട്ടു വികസന മുന്നേറ്റ ജാഥ യുടെ ഭാഗമായി തിരൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഒരു മുഖ്യമന്ത്രി മാത്രമായി അദ്ദേഹത്തെ സംസ്ഥാനത്ത് കൊണ്ടുവരുന്നത് ഗൂഢലക്ഷ്യത്തോടെ ആണെന്ന സംശയങ്ങൾ തള്ളിക്കളയാനാവില്ല. അദ്ദേഹം വരുന്നതിനെ എല്ലാവരും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അദ്ദേഹത്തിൻറെ വരവ് പ്രത്യേക ഉദ്ദേശങ്ങളോടെ ആണോ എന്നതും തിരിച്ചറിയേണ്ടതുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു.

മലപ്പുറത്ത് മുസ്ലിം ലീഗ് ടിക്കറ്റ് കെപിഎ മജീദിനും പിവി അബ്ദുൽ വഹാബ് നിയമസഭയിലേക്കും മൽസരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറയാൻ ഞാനില്ല. കാരാട്ട് റസാക്ക് ലീഗിലേക്ക് പോകുമോ എന്ന കാര്യത്തിൽ കുപ്രചരണങ്ങൾ ആണ് നടക്കുന്നതെന്നും അത് വിശ്വസിക്കാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹം വളരെ നല്ല അധ്യക്ഷ പ്രസംഗം ആണ് അന്ന് വേദിയിൽ നടത്തിയത് അങ്ങിനെ ഒരാൾ മുന്നണി വിട്ടു പോകും എന്ന് പറയുന്നത് വിശ്വസിക്കാൻ എനിക്ക് കഴിയില്ല.

എല്ലാവരുമായി സൗഹൃദം ഉള്ള ആളാണ് ഞാനും കാരാട്ട് റസാക്കുമെല്ലാം. അതുകൊണ്ട് ലീഗ് നേതാക്കളെ കാണുന്നതോ സംസാരിക്കുന്നതോ വലിയ തെറ്റായി മനസ്സിലാകുന്നില്ല. ജമാഅത്തെ ഇസ്ലാമിയെ പോലുള്ള മത തീവ്ര ചിന്തകളുമായി ഇടതുപക്ഷത്തിന് ഒരു ബന്ധവും ഉണ്ടായിരിക്കുകയില്ല. അവരുടെ വോട്ട് വേണ്ട എന്നല്ല, രാഷ്ട്രീയ നിലപാടാണ് താൻ പറയുക എന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.