രമ്യ ഹരിദാസിനെതിരായ എ വിജയരാഘവന്റെ അശ്ലീല പരാമര്‍ശം: അന്വേഷണച്ചുമതല തിരൂര്‍ ഡിവൈഎസ്പിക്ക്

ചൊവ്വാഴ്ച പാലക്കാട് ആലത്തൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയാണ് തിരൂര്‍ പോലിസിന് കൈമാറിയത്

Update: 2019-04-03 02:38 GMT

മലപ്പുറം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരേ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ അന്വേഷണം മലപ്പുറം പോലിസിന്. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

ചൊവ്വാഴ്ച പാലക്കാട് ആലത്തൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയാണ് തിരൂര്‍ പോലിസിന് കൈമാറിയത്. കഴിഞ്ഞ ദിവസം പൊന്നാനിയിലെ പൊതുയോഗത്തിലാണ് എ വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരേ മോശം പരാമര്‍ശം നടത്തിയത്. ആസൂത്രിതമായ നീക്കമാണെന്നും കോഴിക്കോട്ടെ യോഗത്തിലും വിജയരാഘവന്‍ തനിക്കെതിരേ മോശമായി സംസാരിച്ചെന്നും രമ്യയുടെ പരാതിയിലുണ്ട്.

അതിനിടെ, വിജയരാഘവനെ ന്യായീകരിച്ച ആലത്തൂരിലെ ഇടത് സ്ഥാനാര്‍ഥി പികെ ബിജുവിന്റെ നടപടിയും തന്നെ അത്ഭുതപ്പെടുത്തിയെന്ന് രമ്യ വ്യക്തമാക്കിയിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ പോലും പക്ഷേ പരാമര്‍ശത്തെ ന്യായീകരിച്ചില്ലെന്നും രമ്യ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനോ സര്‍ക്കാരോ നടപടിയെടുക്കുമെന്നാണ് കരുതിയത്. എന്നാല്‍ അത് ഉണ്ടായില്ലെന്നും രമ്യ പറഞ്ഞു. അതേസമയം തന്റെ പരാമര്‍ശം ദുരുദ്ദേശത്തോടെ അല്ലായിരുന്നുവെന്ന് എ വിജയരാഘവന്‍ പ്രതികരിച്ചു.

പൊന്നാനിയില്‍ പിവി അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എല്‍ഡിഎഫ് കണ്‍വെന്‍ഷനിലായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. ആലത്തൂരിലെ സ്ഥാനാര്‍ത്ഥി പെണ്‍കുട്ടി ആദ്യം അവര്‍ പാണക്കാട് തങ്ങളെ കണ്ടു പിന്നാലെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടെ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയാന്‍ ആകില്ലെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.

Tags:    

Similar News