കാളികാവ്: മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ സന്ധിയില്ലാതെ പടപൊരുതി വീരചരമം പ്രാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ചോക്കാട്ട് അനശ്വര സ്മാരകമുയരുന്നു. ബ്രിട്ടീഷ് പട്ടാളത്തിനെതിരേ ഒളിയുദ്ധം നയിച്ച് ഒളിച്ചുപാര്‍ത്ത ചിങ്കക്കല്ല് മലവാരത്തിന്റെ താഴ് വരയിലാണ് ഏറനാടന്‍ സിംഹത്തിന് ഉചിതമായ സമാരകമാരുങ്ങുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്മാരക സമുച്ഛയമുയരുന്നത്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖയും സംഘവും സ്ഥലം സന്ദര്‍ശിച്ചു.
വീരയോദ്ധാവിന്റെ സ്മാരകം പണിയാന്‍ ഉദിരംപൊയില്‍ സ്വദേശി മാട്ടര നൗഫല്‍ 50 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കും. സ്മാരകത്തിന് മൂന്ന് സ്ഥലങ്ങളാണ് ജില്ലാ പഞ്ചായത്തിന്റെ പരിഗണനയിലുള്ളത്. ചോക്കാട് പഞ്ചായത്തിലെ പുല്ലങ്കോടിനടുത്ത പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 84 സെന്റും മാട്ടര നൗഫലിന്റെ അധീനതയിലുള്ള രണ്ടു സ്ഥലങ്ങളുമാണത്. മൂന്ന് സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു.
സ്മാരകത്തിന്റെ കെട്ടിട നിര്‍മാണത്തിന് ഒരു കോടി രൂപ ജില്ലാ പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്. സ്മാരകത്തോടൊപ്പം മറ്റു സ്ഥാപനങ്ങളുമടങ്ങുന്ന സമുച്ഛയമാണ് നിര്‍മിക്കുക. വാരിയംകുന്നത്തിന്റെ നൂറാം വാര്‍ഷികമായ ആഗസ്ത് 21ന് തറക്കല്ലിടാനുള്ള ശ്രമമാണ് ജില്ലാ പഞ്ചായത്ത് നടത്തുന്നത്. ബ്രിട്ടീഷ് സൈന്യത്തോട് പൊരുതി മരിച്ച പൂക്കോട്ടൂര്‍ യോദ്ധാക്കള്‍ക്കും സ്മാരകം പണിയാന്‍ ജില്ലാ പഞ്ചായത്തിന് തീരുമാനമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്കൃഷ്ണന്‍, ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ഷൗക്കത്ത്, എന്‍ എ കരീം, പുലത്ത് കുഞ്ഞാപ്പു, എം എ ഹമീദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
A memorial is erected for warrior Variamkunnath Kunhahammad Hajee
