കാരിക്കേച്ചറുകളിലൂടെ ലോക്ക് ഡൗണ്‍ ദിനങ്ങള്‍ സാര്‍ത്ഥകമാക്കി മലയാളി മാധ്യമ പ്രവര്‍ത്തകന്‍

മാര്‍ച്ച് 24ന് വൈകീട്ട് രാജ്യത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുമ്പോള്‍ സാമൂഹിക മാധ്യമമായ ഫെയ്സ് ബുക്കിലൂടെ മറ്റൊരു പ്രഖ്യാപനം നടത്തിയാണ് റഷീദ് വാര്‍ത്തകളില്‍ ഇടം നേടിയത്.

Update: 2020-04-13 14:23 GMT

കോഴിക്കോട്: കൊവിഡ് 19 വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യം വീട്ടകങ്ങളിലേക്ക് ഒതുങ്ങി. എന്നാല്‍, അപ്പോഴും രാജ്യത്തെ തെരുവുകളില്‍ ബാക്കിയായ ചിലരുണ്ടായിരുന്നു. ഒന്നാമത്തെ വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. രണ്ടാമതാവട്ടെ മാധ്യമ പ്രവര്‍ത്തകരും. പിന്നെ തല ചായ്ക്കാന്‍ കൂരയില്ലാത്ത പതിനായിരങ്ങളും.

കൂരയുണ്ടെങ്കിലും തെരുവില്‍ നിലയുറപ്പിക്കാന്‍ വിധിക്കപ്പെട്ടവരാണ് ആദ്യ രണ്ടു വിഭാഗങ്ങളും.ഷെഡ്യൂളിനും ഡെഡ് ലൈനിനും ഇടയില്‍ പരക്കം പാഞ്ഞ് വാര്‍ത്തകള്‍ ഡസ്‌ക്കിലെത്തിക്കുന്ന അച്ചടി മാധ്യമ പ്രവര്‍ത്തകര്‍ക്കും വിവരങ്ങള്‍ യഥാസമയം നിങ്ങളുടെ സ്വീകരണമുറിയില്‍ എത്തിക്കുന്ന ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കും നൂറു നൂറു കഥകളാണ് ഈ കൊവിഡ് കാലത്ത് നിങ്ങളോട് പങ്കുവയ്ക്കാനുള്ളത്. മാധ്യമ പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ഗ്രൗണ്ട് റിപ്പോര്‍ട്ടുകളുമായി അധികാരത്തിന്റെ ഇടനാഴികളിലും ജനങ്ങള്‍ക്കിടയിലും നിലയുറപ്പിച്ചപ്പോള്‍ മറ്റൊരു വിഭാഗമാവട്ടെ അവര്‍ നല്‍കുന്ന വിവരങ്ങളില്‍ കടന്നുകൂടിയ സ്ഖലിതങ്ങളും തെറ്റുകളും ഡസ്‌കിലിരുന്ന് വെട്ടിയൊതുക്കി ഏറെ ഹൃദ്യമാക്കുകയായിരുന്നു.

പകര്‍ച്ചാവ്യാധിയുടെ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്ക് തങ്ങളാലാകും വിധം കൈത്താങ്ങാകുകയായിരുന്നു അവരൊക്കെയും. അത്തരത്തിലൊരാളാണ് കഴിഞ്ഞ 25 വര്‍ഷക്കാലമായി ബംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകനായ റഷീദ് കാപ്പന്‍. മാര്‍ച്ച് 24ന് വൈകീട്ട് രാജ്യത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുമ്പോള്‍ സാമൂഹിക മാധ്യമമായ ഫെയ്സ് ബുക്കിലൂടെ മറ്റൊരു പ്രഖ്യാപനം നടത്തിയാണ് റഷീദ് വാര്‍ത്തകളില്‍ ഇടം നേടിയത്.

രാജ്യത്തിന്റെ അതിര്‍ത്തികളൊക്കെ അടച്ചുപൂട്ടി രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ നിര്‍ദ്ദനരായ ജനതയെ സഹായിക്കുന്നതിന് ഒരു നൂതനമായ ആശയവുമായാണ് മികച്ച കാര്‍ട്ടൂണിസ്റ്റ് കൂടിയായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ റഷീദ് ആ പ്രഖ്യാപനം നടത്തിയത്.

500 രൂപ നല്‍കിയാല്‍ ആര്‍ക്കും അവരുടെ കാരിക്കേച്ചറുകള്‍ വരച്ച് നല്‍കാമെന്നായിരുന്നു ആ പ്രഖ്യാപനം. പക്ഷെ ആ രൂപ തനിക്കല്ല നല്‍കേണ്ടത് മറിച്ച് ലോക് ഡൗണ്‍ മൂലം ജീവിതം ദുസ്സഹമായി തീര്‍ന്ന നിങ്ങളുടെ കുടുംബങ്ങള്‍, ബന്ധുക്കള്‍, നാട്ടുകാര്‍, തെരുവ് കച്ചവടക്കാര്‍, ദിവസ വേതനക്കാര്‍ എന്നിവര്‍ക്കാണ്. ആവശ്യക്കാര്‍ അവരുടെ ഫോട്ടോ അയച്ചു കൊടുക്കുക, അത് നോക്കി അവരുടെ കാരിക്കേച്ചര്‍ വരച്ച് നല്‍കുക എന്ന രീതിയാണ് റഷീദ് പിന്തുടരുന്നത്.

രാജ്യം ലോക്ക് ഡൗണ്‍ ആയതിന് ശേഷം താന്‍ ഇവിടെ ബംഗളൂരുവിലെ താമസസ്ഥലത്ത് നിന്നാണ് ജോലി ചെയ്യുന്നത്. രണ്ടോ മൂന്നോ വാര്‍ത്തകള്‍ ഡസ്‌കിലേക്ക് അയക്കും. ബാക്കി വരുന്ന ഒഴിവ് സമയം കാരിക്കേച്ചര്‍ വരക്കായി വിനിയോഗിക്കും. നമുക്ക് ശമ്പളം ലഭിക്കുന്നത് കൊണ്ട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരമുണ്ട്. പക്ഷെ, ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക് അത്തരമൊരു സാഹചര്യമില്ല. സര്‍ക്കാരും

അതിനുള്ള ഒരു സംവിധാനവും ഇതുവരെ ഒരുക്കിയിട്ടില്ല. സര്‍ക്കാര്‍ ഇനി സഹായ ധനം പ്രഖ്യാപിച്ചാല്‍ തന്നെ അത് അവരുടെ കൈയ്യില്‍ കിട്ടുന്നത് വളരെ വൈകിയിട്ടാവും. മാത്രമല്ല, അത് അര്‍ഹരുടെ കൈകളില്‍ കിട്ടുമെന്ന് ഒരുറപ്പുമില്ല. അതെു കൊണ്ടാണ് കാര്‍ട്ടൂണ്‍ വരക്കാനുള്ള തന്റെ കഴിവ് ഉപയോഗിച്ച് ഇത്തരം ആളുകള്‍ക്ക് ചെറിയ ഒരു കൈത്താങ്ങ് ആവാമെന്ന് തീരുമാനിച്ചത്. സുഹൃത്തുക്കളോടൊക്കെ അഭിപ്രായമാരാഞ്ഞതിനുശേഷമായിരുന്നു ഈ ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. 120 ഓളം പേര്‍ തുടക്കത്തില്‍ തന്നെ ഈ ഉദ്യമത്തോട് കൈകോര്‍ത്തു. ദിവസവും അഞ്ച് കാര്‍ട്ടൂണ്‍ വീതമാണ് വരക്കുന്നത്. ഇതിന്റെ പ്രതിഫലം അവര്‍ എനിക്ക് തരുന്നതിന് പകരം അവരുടെ ചുറ്റുവട്ടത്തുള്ള ആളുകളെ സഹായിക്കാന്‍ വിനിയോഗിക്കും. 500 രൂപയാണ് ഒരു കാര്‍ട്ടൂണിന് താന്‍ വിലയിട്ടിട്ടുള്ളത്. എന്നാല്‍, ഈ ഉദ്യമത്തിന്റെ ഭാഗമായി അയ്യായിരം വരെ പാവപ്പെട്ടവരെ സഹായിക്കാന്‍ നല്‍കിവരുണ്ട്.

പരസ്പര വിശ്വാസത്തിനു പുറത്താണ് ഈ കാര്യങ്ങളൊക്കെ ചെയ്യുന്നത്. കഴിഞ്ഞ ദിവസം വരെ 28 കാരിക്കേച്ചറുകള്‍ വരച്ചു കഴിഞ്ഞു. ഇനിയും 97 ഓളം വരക്കാനുണ്ട. ഇവ ലോക്ക് ഡൗണ്‍ കഴിയുന്നതിന് മുന്‍പ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. തന്റെ ഈ പ്രവൃത്തി കുറച്ച് പേര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ താന്‍ ധന്യനാണ്. ഇപ്പോഴും ആവശ്യക്കാര്‍ ഫോട്ടോകള്‍ അയച്ചു തരുന്നുണ്ട്. അഭ്യര്‍ത്ഥനകള്‍ കൂടി വരുന്നതിനാല്‍ 125ല്‍ നിര്‍ത്തിയിരിക്കുകയാണ്. ഇന്നലെ വരെ 135 ഓര്‍ഡറുകള്‍ ലഭിച്ചു. 28 കാരിക്കേച്ചറുകള്‍ വരച്ചതിലൂടെ 35,500 രൂപയുടെ സഹായങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു.

ആദ്യം പേപ്പറില്‍ പെന്‍സില്‍ കൊണ്ട് വരക്കും, എന്നിട്ട് ഇവ സ്‌കാന്‍ ചെയ്ത് കംപ്യൂട്ടറില്‍ കയറ്റി ഫോട്ടോ ഷോപ്പ് ഉപയോഗിച്ച് കളറും ഷേഡുകളും നല്‍കും. ഒരു കാരിക്കേച്ചര്‍ വരക്കാന്‍ അര മണിക്കൂര്‍ മുതല്‍ 40 മിനിറ്റ് വരെ എടുക്കും. 1994ല്‍ ടൈംസ് ഓഫ് ഇന്ത്യയിലൂടെ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച റഷീദ്, ദ് ഹിന്ദുവില്‍ ബംഗ്ലുരുവില്‍ ഡെപ്യൂട്ടി സിറ്റി എഡിറ്ററായി രണ്ടു വര്‍ഷവും സേവനം അനുഷ്ടിച്ചിരുന്നു. 2009 മുതല്‍ ഡെക്കാണ്‍ ഹെറാള്‍ഡില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഇപ്പോള്‍ പത്രത്തിന്റെ സിവിക് അഫേഴ്സ് എഡിറ്ററാണ്. മലപ്പുറം ജില്ലയിലെ വേങ്ങര പറപ്പൂര്‍ സ്വദേശിയാണ്. 

Tags: