ബിജെപി നേതാവിന്റെ ഗോശാലയ്ക്കു സമീപം പശുക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

ബിജെപി പ്രവര്‍ത്തകരായ സതിഷ്, മഹേഷ് എന്നിവര്‍ക്കെതിരേ ജില്ലാപോലിസും കേസെടുത്തിട്ടുണ്ട്. ജില്ലാ ആസ്ഥാനത്തിനു 15 കിലോമീറ്റര്‍ അകലെ ടോണ്‍ഖര്‍ദ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ റബദിയ വില്ലേജിലാണ് സംഭവം. ഗോശാല ഓപറേറ്ററായ വരുണ്‍ അഗര്‍വാളിനെ ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ മികച്ച സാമൂഹിക പ്രവര്‍ത്തകനായി അനുമോദിച്ചിരുന്നു.

Update: 2019-08-22 06:50 GMT

ദേവാസ്(മധ്യപ്രദേശ്): ബിജെപി നേതാവിന്റെ ഗോശാലയ്ക്കു സമീപം ഒരു ഡസനോളം പശുക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ബിജെപി നേതാവ് വരുണ്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയ്ക്കടുത്തുള്ള ചതുപ്പുനിലത്തിലാണ് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. പശുക്കളുടെ ഉടമയായ പ്രദേശവാസി ഗോശാലയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്.തെരുവുകളില്‍ അലഞ്ഞുതിരിയുന്നതിനാല്‍ പ്രാദേശിക ഭരണാധികാരികളാണ് പശുക്കളെ വരുണ്‍ അഗര്‍വാളിന്റെ അടുത്തേക്ക് അയച്ചിരുന്നത്. ഗോശാലയിലെത്തിയ അംബാ റാം തന്റെ പശുക്കളെ ജീവനോടെ കണ്ടെത്തിയെങ്കിലും മറ്റു പശുക്കളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദേവാസ് നഗരസഭാ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ബുധനാഴ്ച ഗോശാല സന്ദര്‍ശിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ഷെല്‍ട്ടര്‍ ഗേറ്റിനു തൊട്ടടുത്ത് ചതുപ്പില്‍ കുടുങ്ങിയ പശുക്കളെ സംഘം കണ്ടെത്തുകയും ഒരെണ്ണം ചത്തതായി ബോധ്യപ്പെടുകയും ചെയ്തു. സമീപത്തെ കുന്നിനുമുകളില്‍ 10ഓളം പശുക്കളുടെയും ജഡം കണ്ടെത്തി.

    ദേവാസ് സിഎസ്പി അനില്‍ സിങ് റാത്തോഡിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഗോശാല പരിശോധിച്ചെന്നും പശുക്കളെ താമസിക്കാന്‍ യോഗ്യമല്ലെന്നു കണ്ടെത്തിയതായും ദേവാസ് എഎസ്പി ജഗദീഷ് ദവാര്‍ പറഞ്ഞു. സംഭവത്തില്‍ ഗോശാല ഓപറേറ്റര്‍ വരുണ്‍ അഗര്‍വാളിനെതിരേ മൃഗങ്ങള്‍ക്കെതിരായ കുറ്റകൃത്യം തടയല്‍ നിയമപ്രകാരം കേസെടുത്തതായും തുടര്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പശുക്കള്‍ ചത്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മജിസ്ട്രീരിയല്‍ തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകരായ സതിഷ്, മഹേഷ് എന്നിവര്‍ക്കെതിരേ ജില്ലാപോലിസും കേസെടുത്തിട്ടുണ്ട്. ജില്ലാ ആസ്ഥാനത്തിനു 15 കിലോമീറ്റര്‍ അകലെ ടോണ്‍ഖര്‍ദ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ റബദിയ വില്ലേജിലാണ് സംഭവം. ഗോശാല ഓപറേറ്ററായ വരുണ്‍ അഗര്‍വാളിനെ ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ മികച്ച സാമൂഹിക പ്രവര്‍ത്തകനായി അനുമോദിച്ചിരുന്നു.

    കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ 450 കോടി ചെലവില്‍ നാലു മാസത്തിനകം ആയിരം ഗോശാലകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പ്രഖ്യാപിച്ചിരുന്നു. ദശ്യവല്‍ക്കരണ സൗകര്യത്തോടെയുള്ള ഷെഡുകള്‍, കുഴല്‍ക്കിണറുകള്‍, മേല്‍ക്കുര വികസനം, ബയോ ഗ്യാസ് പ്ലാന്റുകള്‍ എന്നിവയുള്‍പ്പെടുന്നതാണ് പദ്ധതി. താമസ സൗകര്യമില്ലാത്ത മൃഗങ്ങള്‍ക്ക് അഭയം നല്‍കുന്നതിനൊപ്പം നഗര, ഗ്രാമപ്രദേശങ്ങളിലെത്തുന്നവര്‍ക്ക് അലഞ്ഞുതിരിയുന്ന കന്നുകാലികളില്‍ നിന്ന് ആശ്വാസം നല്‍കുമെന്നും നിരവധി പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. സംസ്ഥാനത്ത് നിലവില്‍ 600 ഓളം പശു അഭയകേന്ദ്രങ്ങളുണ്ടെങ്കിലും അവയൊന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതല്ല.




Tags:    

Similar News