ഡൽഹിയിൽ ദലിത് പെൺകുട്ടിയെ സവർണർ ബലാൽസംഗം ചെയ്തു കൊന്ന് കെട്ടിത്തൂക്കി
പോലിസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുന്നതിന് മുമ്പ് ഇരയുടെ കുടുംബാംഗങ്ങൾക്ക് കാണാൻ അനുമതി നൽകിയില്ല. തുടർന്ന് കുടുംബാംഗങ്ങൾ ഇതിനെതിരേ പ്രതിഷേധിച്ചെങ്കിലും 12 കുടുംബാംഗങ്ങളെ പോലിസ് അറസ്റ്റ് ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
ന്യൂഡൽഹി: ഡൽഹിയിൽ ദലിത് പെൺകുട്ടിയെ സവർണർ ബലാൽസംഗം ചെയ്തു കൊന്ന് കെട്ടിത്തൂക്കി. ഹാഥ്റസ് മോഡലിൽ ഇരയുടെ മൃതദേഹം പോലിസ് സംസ്കരിച്ചു. ഡൽഹിയിലെ ഗുർ മണ്ഡിയിലാണ് ബനിയ സമുദായംഗമായ വീട്ടുടമസ്ഥമയുടെ മകനും ഡ്രൈവറും ചേർന്ന് 17 വയസുള്ള വീട്ടുജോലിക്കാരിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്. പോലിസിൽ പരാതി നൽകിയെങ്കിലും സ്വീകരിക്കാൻ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു.
യുപിയിൽ നിന്നുള്ള ദലിത് പെൺകുട്ടി സെപ്തംബർ 26 നാണ് വീട്ടുജോലിക്ക് ഡൽഹിയിൽ എത്തിയത്. ഒക്ടോബർ 4 നാണ് സംഭവം നടന്നത്. വീട്ടുടമസ്ഥമയുടെ മകനും ഡ്രൈവറും ചേർന്ന് ബലാൽസംഗം ചെയ്ത് കൊന്ന് ഡ്രൈവറുടെ മുറിയിൽ കെട്ടിത്തൂക്കുകയായിരുന്നു. വീട്ടു ജോലിക്ക് എത്തിയതു മുതൽ കുട്ടി ശാരീരിക പീഠനത്തിന് ഇരയായിരുന്നുവെന്ന് കുടുംബം പറയുന്നു.
പോലിസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുന്നതിന് മുമ്പ് ഇരയുടെ കുടുംബാംഗങ്ങൾക്ക് കാണാൻ അനുമതി നൽകിയില്ല. തുടർന്ന് കുടുംബാംഗങ്ങൾ ഇതിനെതിരേ പ്രതിഷേധിച്ചെങ്കിലും 12 കുടുംബാംഗങ്ങളെ പോലിസ് അറസ്റ്റ് ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതിന് പിറ്റേദിവസം വൈകുന്നേരത്തോടെ, ചില കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ബലമായി പോലിസ് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
മോഡൽ ടൗൺ പോലിസ് സ്റ്റേഷനിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ പോലിസ് ക്രിമിനൽ കുറ്റങ്ങൾ ചുമത്തി കുടുംബത്തെ പീഠിപ്പിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവം റിപോർട്ട് ചെയ്യാൻ വന്ന മാധ്യമ പ്രവർത്തകരെ സമ്മർദ്ദം ചെലുത്തി പോലിസ് നിശബ്ദമാക്കിയെന്നും കുടുംബം പറയുന്നു.
