ഗസ അധിനിവേശം പരാജയപ്പെട്ടെന്ന് 96 ശതമാനം ജൂതന്‍മാരും വിശ്വസിക്കുന്നതായി അഭിപ്രായ സര്‍വേ ഫലം

Update: 2025-02-01 02:43 GMT

തെല്‍അവീവ്: ഗസയില്‍ ഹമാസിനെ പരാജയപ്പെടുത്തി ബന്ദികളെ തിരികെ കൊണ്ടുവരുമെന്ന ഇസ്രായേലി സര്‍ക്കാരിന്റെ അധിനിവേശ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലെന്ന് ഇസ്രായേലിലെ 96 ശതമാനം ജൂതന്‍മാരും. ഇസ്രായേലി മാധ്യമമായ മാരിവ് നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഫലസ്തീനികള്‍ വടക്കന്‍ ഗസയിലേക്ക് തിരികെ വന്നതോടെ അധിനിവേശം അവസാനിച്ചെന്ന് 67 ശതമാനം ജൂതന്‍മാരും വിശ്വസിക്കുന്നു.

ഗസയില്‍ നിന്നു പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോകളും ഇസ്രായേലിന്റെ സമ്പൂര്‍ണപരാജയമാണ് കാണിക്കുന്നതെന്ന് ഇസ്രായേലി പോലിസ് മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ കീഴടങ്ങലിന്റെ പാതയാണ് സ്വീകരിച്ചതെന്നും മന്ത്രി വിമര്‍ശിച്ചു. തടവുകാരുടെ മോചനത്തില്‍ ആശ്വാസമുണ്ടെങ്കിലും ഈ കരാറിന് നല്‍കുന്ന വിലയില്‍ ആശങ്കയുണ്ടെന്ന് ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചും പറഞ്ഞു. വടക്കന്‍ ഗസയിലെ ജബാലിയയിലും തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിലും ഇസ്രായേലി തടവുകാരെ കൈമാറുമ്പോള്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് ഈ പരാമര്‍ശങ്ങള്‍ വന്നത്.

ഖാന്‍ യൂനിസിലെ ജനക്കൂട്ടത്തിനിടയില്‍ ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ആയിരുന്ന സയ്യിദ് ഹസ്സന്‍ നസറുല്ലയുടെയും ഹൂത്തികളുടെ നേതാവ് സയ്യിദ് അബ്ദുള്‍മാലിക് അല്‍ഹൂത്തിയുടെയും ചിത്രങ്ങളുണ്ടായിരുന്നു.

Tags: