കള്ളക്കേസ് പിന്‍വലിച്ച് മോചിപ്പിക്കണം; മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് പൂനെ ജയിലിലെ 9 രാഷ്ട്രീയത്തടവുകാരുടെ കത്ത്

വിമര്‍ശകരെയെല്ലാം ദേശവിരുദ്ധരെന്നു മുദ്രകുത്തി അറസ്റ്റ് ചെയ്യുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ തുറന്ന യുദ്ധമാണ്

Update: 2019-07-20 03:50 GMT

മുംബൈ: ഭീമാ കൊറേഗാവ് സംഘര്‍ഷവുമായും മറ്റും ബന്ധപ്പെടുത്തി കള്ളക്കേസ് ചുമത്തി ജയിലിലടച്ച സംഭവത്തില്‍ ഇടപെടുകയും ഉപാധികളൊന്നും കൂടാതെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പൂനെയിലെ യെര്‍വാഡ ജയിലിലടയ്ക്കപ്പെട്ട 9 രാഷ്ട്രീയത്തടവുകാര്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് കത്തയച്ചു. സുധീര്‍ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗട്ട്, റോണാ വില്‍സണ്‍, അരുണ്‍ ഫെരെയ്‌ര, വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, വരവര റാവു, സുധാ ഭരദ്വാജ്, ഷോമാസെന്‍ എന്നിവരാണ് തങ്ങളുടെ ജയില്‍വാസത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിയമലംഘനങ്ങള്‍ അക്കമിട്ടുനിരത്തുന്നത്. ജാമ്യമാണ് നിയമം എന്ന് സുപ്രിംകോടതി പറയുന്നുണ്ടെങ്കിലും തങ്ങളുടെ കാര്യത്തില്‍ ഇത് ലംഘിക്കുകയാണെന്നും ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ മനപൂര്‍വം ദീര്‍ഘിപ്പിക്കുകയാണെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. 9ല്‍ അഞ്ചുപേരെയും 2018 ജനുവരി ഒന്നിനു പൂനെയുലെ ശനിവര്‍വാഡയില്‍ എല്‍ഗാര്‍ പരിഷത്ത് സംഘടിപ്പിച്ച ഭീമാ കൊറേഗാവ് സമരത്തില്‍ സംഘര്‍ഷത്തിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ജൂണ്‍ ആറിനാണു ജയിലിലടച്ചത്. നാലുപേരെ ആഗസ്ത് 28നാണ് അറസ്റ്റ് ചെയ്തത്. ഇരുസമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കി, രാജ്യദ്രോഹപ്രവര്‍ത്തനം, രാജ്യവിരുദ്ധ ഗൂഢാലോചന തുടങ്ങിയ കേസുകളാണ് നമുക്കെതിരേ കെട്ടിച്ചമച്ചതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

    രാജ്യമെന്നാല്‍ ജനതയെന്നാണ് അര്‍ഥം. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നത് എങ്ങനെയാണ് രാജ്യദ്രോഹമാവുക?. പ്രകോപന പ്രസംഗങ്ങളിലൂടെ അക്രമത്തിനു പ്രേരിപ്പിച്ചെന്നതും പച്ചക്കള്ളമാണ്. എല്‍ഗാര്‍ പരിഷത്ത് കണ്‍വന്‍ഷനില്‍ നാടകങ്ങളും പാട്ടുകളുമാണ് അവതരിപ്പിച്ചത്. ഭരണഘടനയെ തകര്‍ക്കുന്ന ബിജെപി സര്‍ക്കാരിനെതിരേ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത്, ഭരണഘടനയെയും രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്ന പ്രമേയത്തിലാണ് പരിപാടി നടത്തിയത്. ഇക്കാരണം കൊണ്ടാണ് തങ്ങള്‍ക്കെതിരേ വ്യാജകേസുകള്‍ കെട്ടിച്ചമച്ചതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും കേസിനെ മാധ്യമ വിചാരണയ്ക്കു വിധേയമാക്കുന്നതു പോലെ ഞങ്ങളുടെ ജാമ്യാപേക്ഷയിലും ഒരു മിനി മീഡിയ വിചാരണയാണ് നടത്തുന്നത്. മാവോയിസ്റ്റുകള്‍ക്ക് അയച്ചതെന്ന് ആരോപിച്ച് പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഇ-മെയിലുകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഏറെ നിര്‍ണായകമായ ഈ ഇലക്ട്രോണിക് തെളിവ് ഒരു വര്‍ഷമായിട്ടും കുറ്റാരോപിതര്‍ക്ക് നല്‍കിയിട്ടില്ല. ഇതെല്ലാം പ്രോസിക്യൂഷന്‍ വാദങ്ങളില്‍ സംശയമുയര്‍ത്തുന്നതാണ്. ഇത്തരം നടപടികളിലൂടെ എല്ലാവര്‍ക്കും നീതി എന്ന നിയമമാണ് രാഷ്ട്രീയത്തടവുകാരുടെ കാര്യത്തില്‍ ലംഘിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സബ്കാ സാത്, സബ്കാ വികാസ് എന്ന പുതിയ സര്‍ക്കാരിന്റെ മുദ്രാവാക്യം യഥാര്‍ഥത്തില്‍ എത്രത്തോളം നടപ്പാവുമെന്നത് സംശയാസ്പദമാണ്. മുന്‍ സര്‍ക്കാരിന്റെ നിലപാടുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇതാണു ചൂണ്ടാക്കാട്ടുന്നത്. സര്‍ക്കാര്‍ എല്ലാവിഭാഗം ജനങ്ങളിലും ആത്മവിശ്വാസമുണ്ടാക്കാനാണു ശ്രമിക്കുന്നതെങ്കില്‍ ഭരണഘടന സംരക്ഷണത്തിലൂടെയാണ് ആദ്യമത് തെളിയിക്കേണ്ടത്. എല്ലാവര്‍ക്കും തുല്യനീതി നല്‍കുന്നുണ്ടെന്ന് തെളിയിക്കണം. വിമര്‍ശകരെയെല്ലാം ദേശവിരുദ്ധരെന്നു മുദ്രകുത്തി അറസ്റ്റ് ചെയ്യുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ തുറന്ന യുദ്ധമാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണം രാജ്യമെങ്ങും വ്യാപിക്കുകയാണ്. ഇത്തരം ആക്രമണങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നു മാത്രമല്ല, തടയാന്‍ യാതൊരുവിധ നടപടിയുമെടുക്കുന്നുമില്ല. മതവെറിയും ശത്രുതയും വളര്‍ത്തുന്ന നാഥുറാം ഗോഡ്‌സെ അനുസ്മരണം പോലുള്ള പരിപാടികള്‍ തടയാനും യാതൊരു നടപടിയുമില്ല. ഇതില്‍നിന്നു തന്നെ സബ്കാ വികാസ് എന്ന മുദ്രാവാക്യം തട്ടിപ്പാണെന്ന് വ്യക്തമാണ്. ജനാധിപത്യം ഭരണഘടനാപരമാണെങ്കില്‍ രാജ്യത്തെ എല്ലാവര്‍ക്കും എന്തുകൊണ്ടാണ് തുല്യനീതി ലഭിക്കാത്തത്..?, ചിലര്‍ അകാരണമായി ജയിലിലടയ്ക്കപ്പെടുകയും മറ്റു ചിലര്‍ സൈ്വര്യ വിഹാരം നടത്തുകയും ചെയ്യുന്നത്..?, രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയത്തടവുകാരെയും യാതൊരുവിധ ഉപാധികളും കൂടാതെ അടിയന്തരമായും മോചിപ്പിക്കണമെന്നുമാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.




Tags:    

Similar News