പഞ്ചാബ് വിഷമദ്യ ദുരന്തം: 86 മരണം; ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും ആറ് പോലിസുകാര്‍ക്കും സസ്‌പെന്‍ഷന്‍

ജൂണ്‍ 29 ന് രാത്രി അമൃത്സറിലെ മുച്ചല്‍, തന്‍ഗ്ര എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യത്തെ അഞ്ച് മരണങ്ങള്‍റിപോര്‍ട്ട് ചെയ്തതെന്ന് പൊലിസ് ഡിജിപി ദിങ്കര്‍ ഗുപ്ത പറഞ്ഞു.

Update: 2020-08-01 19:56 GMT

ചണ്ഡീഗഡ്: പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. അമൃത് സര്‍, ബട്ടാല , തന്‍തരണ്‍ എന്നിവിടങ്ങളിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രിയാണ് ആദ്യമരണം റിപോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച രാത്രി വരെ 39 മരണമാണ് റിപോര്‍ട്ട് ചെയ്തിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേരെ അറസ്റ്റ് ചെയ്തതായി ക്യാപ്റ്റന്‍ സിങ് അറിയ്ച്ചു. ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരേയും ആറ് പോലിസുകാരേയും സസ്‌പെന്റ് ചെയ്തു. വിഷമദ്യ ദുരന്തത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജൂലെെ 29 ന് രാത്രി അമൃത്സറിലെ മുച്ചല്‍, തന്‍ഗ്ര എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യത്തെ അഞ്ച് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തതെന്ന് പൊലിസ് ഡിജിപി ദിങ്കര്‍ ഗുപ്ത പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച അമൃതസറിലെ മുച്ച്ഹല്‍ ഗ്രാമത്തില്‍ നിര്‍മിച്ച് വിവിധ കേന്ദ്രങ്ങളില്‍ വില്‍പന നടത്തിയ വ്യാജ മദ്യമാണ് ദുരന്തത്തിന് കാരണമായത്. മരിച്ചവരുടെ ബന്ധുക്കള്‍ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ദുരന്തത്തിന് ഇരയായ കൃപാല്‍ സിങ്ങിെന്റ ബന്ധുക്കള്‍ 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മൃതദേഹവുമായി പ്രതിഷേധിച്ചു. വ്യാജ മദ്യ മാഫിയയെ ഇലാലതാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അമൃത്‌സര്‍-ഡല്‍ഹി ദേശീയപാത ഉപരോധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, മരിച്ചവരില്‍ ഭൂരിഭാഗം പേരുടെയും ബന്ധുക്കള്‍ സംഭവവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താന്‍ തയാറാകുന്നില്ലെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരണസംഖ്യ നിലവില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നതിനേക്കാള്‍ കൂടുതലാകാനുള്ള സാധ്യതയാണ് പോലിസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. മദ്യം കുടിച്ച പലരുടെയും കുടുംബാംഗങ്ങള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്യാന്‍ വിസമ്മതിക്കുകയാണ്. കൂടാതെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്നും ഗുര്‍ദാസ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് ഇഷ്ഫാഖ് പറഞ്ഞു.




Tags:    

Similar News