ഇന്ത്യന്‍ പൗരത്വം ലഭിച്ചില്ല; നിരാശരായി നാട്ടിലേക്ക് മടങ്ങിയത് 800 ഓളം പാക് ഹിന്ദുക്കള്‍

Update: 2022-05-09 18:20 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ആഗ്രഹിച്ചെത്തിയ 800 ഓളം പാക് ഹിന്ദുക്കള്‍ നിരാശരായി നാട്ടിലേക്ക് മടങ്ങിയതായി റിപോര്‍ട്ട്. പാകിസ്താന്‍ അടക്കമുള്ള അയല്‍രാജ്യങ്ങളില്‍ മതപീഡനം നേരിടുന്നവര്‍ എന്ന പേരില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. ഈ വിവരം അറിഞ്ഞെത്തിയ 800 ഓളം ഹിന്ദുക്കളാണ് പൗരത്വം ലഭിക്കാതെ നിരാശരായി 2021ല്‍ പാകിസ്താനിലേക്ക് മടങ്ങിയതെന്ന് ദ ഹിന്ദു റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലുള്ള പാകിസ്താനി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സീമന്ത് ലോക് സംഘടന്‍ (എസ്എല്‍എസ്) ആണ് ഇതിന്റെ കണക്കുകള്‍ പുറത്തുവിട്ടത്.


 രാജസ്ഥാനില്‍ നിന്ന് മാത്രമാണ് 800 ഓളം പേര്‍ നിരാശരായി പാകിസ്താനിലേക്ക് മടങ്ങിയത്. ലക്ഷങ്ങള്‍ ചെലവഴിച്ച് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചിട്ടും ഒരു പുരോഗതിയുമില്ലാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ തിരിച്ചുപോയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. നാട്ടിലേക്ക് തിരിച്ചുപോയ ശേഷം ഇവരെ പാക് ഏജന്‍സികള്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണെന്ന് എസ്എല്‍എസ് ആരോപിച്ചു. ഇവരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അണിനിരത്തി ഇന്ത്യയില്‍ മോശം അനുഭവം നേരിട്ടെന്ന് പറയിപ്പിച്ചതായും എസ്എല്‍എസ് പ്രസിഡന്റ് ഹിന്ദു സിങ് സോധ ആരോപിച്ചു.

2018ലാണ് അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓണ്‍ലൈന്‍ അപേക്ഷാ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ജൈനര്‍, ബുദ്ധ മതവിഭാഗക്കാര്‍ക്കാണ് പൗരത്വം വാഗ്ദാനം ചെയ്തത്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കാനായി ഏഴ് സംസ്ഥാനങ്ങളില്‍ 16 കലക്ടര്‍മാരെയും നിയോഗിച്ചു. 2021 മെയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ 13 ജില്ലാ കലക്ടര്‍മാര്‍ക്കുകൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിന്റെ ചുമതല നല്‍കി. ഗുജറാത്ത്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട കലക്ടര്‍മാര്‍ക്കാണ് 1955ലെ പൗരത്വ നിയമപ്രകാരം അപേക്ഷകള്‍ പരിശോധിച്ച് പൗരത്വം അനുവദിക്കാനുള്ള അനുമതിയാണ് നല്‍കിയത്.

പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്നാല്‍, അപേക്ഷിക്കേണ്ട പോര്‍ട്ടലില്‍ കാലാവധി തീര്‍ന്ന പാകിസ്താന്‍ പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കില്ല. തുടര്‍ന്ന് പലരും ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെത്തി വന്‍തുക നല്‍കിയാണ് പാസ്‌പോര്‍ട്ടുകള്‍ പുതുക്കിയത്. പത്തുപേരുള്ള കുടുംബത്തിന് ഒരുലക്ഷം വരെ ഫീസായി അടക്കേണ്ടിവന്നിട്ടുണ്ടെന്ന് ഹിന്ദു സിങ് സോധ പറയുന്നു. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് ഈ ആളുകള്‍ ഇന്ത്യയിലെത്തുന്നത്. ഇത്രയും വലിയ തുക ഇവര്‍ക്കുമേല്‍ ചുമത്തുന്നത് പ്രായോഗികമല്ല- സിങ് കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനു പുറമെ രേഖകള്‍ നേരിട്ടും സമര്‍പ്പിക്കണം. 10,635 പൗരത്വ അപേക്ഷകളാണ് പരിഗണനയിലുള്ളതെന്ന് കഴിഞ്ഞ ഡിസംബര്‍ 22ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു. ഇതില്‍ 7,306 പേരും പാകിസ്താനില്‍നിന്നുള്ളവരാണ്. എന്നാല്‍, രാജസ്ഥാനില്‍ മാത്രം പൗരത്വം കാത്ത് 25,000 ഓളം പാകിസ്താനി ഹിന്ദുക്കളുണ്ട്. ചിലര്‍ രണ്ട് പതിറ്റാണ്ടിലേറെയായി അപേക്ഷ നല്‍കിയിട്ട്. ഇവരില്‍ പലരും ഓഫ്‌ലൈനായും അപേക്ഷിച്ചിട്ടുണ്ട്- ഹിന്ദു സിങ് സോധ വിശദീകരിക്കുന്നു. 2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ആറ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് പൗരത്വത്തിനായി 8,244 അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്.

Tags:    

Similar News