മധ്യപ്രദേശില്‍ പട്ടിണിമരണം; എട്ടുവയസ്സുകാരനു ദാരുണാന്ത്യം
കുടുംബം കുറച്ചുദിവസങ്ങളായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് പറഞ്ഞതായി ഇവരെ പരിചരിച്ച ഡോ. സുനീല്‍ പട്ടേല്‍ പറഞ്ഞു. കുറച്ചു ദിവസങ്ങളായി അവര്‍ക്ക് ഭക്ഷണം ലഭിച്ചിരുന്നില്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാവുന്നതെന്നു സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അന്‍ഷു ജാവ്‌ല പറഞ്ഞു.
ബര്‍വാനി: മധ്യപ്രദേശില്‍ എട്ടുവയസ്സുകാരന്‍ പട്ടിണി കാരണം മരിച്ചു. കുടുംബത്തിലെ അഞ്ചുപേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രത്തന്‍ കുമാറാണു മരണപ്പെട്ടത്. ബര്‍വാനി ജില്ലയില്‍ തിങ്കളാഴ്ചയാണു സംഭവം. അന്തിമ മെഡിക്കല്‍ റിപോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പട്ടിണി തന്നെയാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാനാവുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രത്തന്‍ കുമാര്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. സര്‍ക്കാര്‍ സബ്‌സിഡിയുള്ള ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ കുടുംബത്തിന് റേഷന്‍ കാര്‍ഡ് ഇല്ലെന്നും ചില ഗ്രാമീണരാണ് ഭക്ഷണം നല്‍കി സഹായിച്ചിരുന്നതെന്നും കുടുംബാഗം പറഞ്ഞു. അവരെല്ലാം കൂലിപ്പണിക്കാരാണെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും ബന്ധു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
കുടുംബം കുറച്ചുദിവസങ്ങളായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് പറഞ്ഞതായി ഇവരെ പരിചരിച്ച ഡോ. സുനീല്‍ പട്ടേല്‍ പറഞ്ഞു. കുറച്ചു ദിവസങ്ങളായി അവര്‍ക്ക് ഭക്ഷണം ലഭിച്ചിരുന്നില്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാവുന്നതെന്നു സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അന്‍ഷു ജാവ്‌ല പറഞ്ഞു. അവര്‍ക്ക് കടുത്ത വയറിളക്കവും ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ കുടുംബത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും കുറ്റക്കാരെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അന്‍ഷു ജാവ്‌ല അറിയിച്ചു.
