തെളിവില്ലാതെ അറസ്റ്റ്; യുഎപിഎ ചുമത്തിയ എട്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി

Update: 2022-11-30 02:06 GMT

ന്യൂഡല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് യുഎപിഎ ചുമത്തി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത പോപുലര്‍ ഫ്രണ്ടിന്റെ എട്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. എങ്ങനെയാണ് ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതെന്ന് തെളിയിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. യുഎപിഎയുടെ കര്‍ശന വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ഇവര്‍ തിഹാര്‍ ജയിലിലാണ് കഴിയുന്നത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ 'പിഎഫ്‌ഐ സിന്ദാബാദ്' മുദ്രാവാക്യം മുഴക്കിയെന്ന് വിവരം കിട്ടി, ഇവരില്‍ നിന്ന് പോപുലര്‍ ഫ്രണ്ടിന്റെ ആറ് പതാകകള്‍ കണ്ടെടുത്തു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലിസ് എട്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നത്.

അതേസമയം, ഇവരെ അറസ്റ്റ് ചെയ്തത് സപ്തംബര്‍ 27നാണെന്നും സംഘടന നിരോധിച്ചത് സപ്തംബര്‍ 28നാണെന്നും ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത് സപ്തംബര്‍ 29നാണെന്നും അഡീഷനല്‍ സെഷന്‍സ് ജഡ്ജി സഞ്ജയ് ഖനാഗ് വാള്‍ ചൂണ്ടിക്കാട്ടി. സപ്തംബര്‍ 27ന് അറസ്റ്റിലായവരെ ഒക്ടോബര്‍ രണ്ടിനും നാലിനുമായി മോചിതരാക്കിയിരുന്നു. എന്നാല്‍, പുലര്‍ച്ചെ ഇവരെ വീണ്ടും അറസ്റ്റ് ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു. ഇവരെ അറസ്റ്റ് ചെയ്തതിനും നിയമവിരുദ്ധ നിയമം ചുമത്തിയതിനും നീതികരണമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു.

പ്രതിചേര്‍ക്കപ്പെട്ടവര്‍ യഥാക്രമം 2022 ഒക്ടോബര്‍ മൂന്ന് മുതല്‍ 2022 ഒക്ടോബര്‍ അഞ്ചുവരെ കസ്റ്റഡിയിലാണെന്നും ഇനി കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അവരെ ജയിലില്‍ പാര്‍പ്പിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു. പോലിസിന്റെ അന്വേഷണത്തിലെ വൈരുധ്യങ്ങളെ കോടതി ശക്തമായി ചോദ്യം ചെയ്തു.

വ്യക്തമായ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ കുറ്റം ചുമത്തിയതിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. പോപുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും ഇവരുടെ ഫണ്ടിങ്ങുമായി ബന്ധം സ്ഥാപിക്കാന്‍ അന്വേഷണം നടക്കുകയാണെന്നും പോലിസ് പറഞ്ഞു.

എന്നാല്‍, അന്വേഷണത്തിനിടെ പോലിസ് ശേഖരിച്ച തെളിവുകളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലോ നിയമവിരുദ്ധമായ സംഘടനയുടെ നിരോധനത്തിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയോ കുറ്റാരോപിതരായ വ്യക്തികള്‍ ഏര്‍പ്പെട്ടതായി കണ്ടെത്താനായിട്ടില്ലെന്ന്് കോടതി പറഞ്ഞു. അവരുടെ കോള്‍ റെക്കോര്‍ഡ് വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴും പോപുലര്‍ ഫ്രണ്ട് നിരോധനം മുതല്‍ ഈ കേസില്‍ അറസ്റ്റ് ചെയ്യുന്നതുവരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് തെളിയിക്കാനാവശ്യമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു.

തന്റെ കക്ഷികളെ പോലിസ് നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്ന് അഡ്വ. മുജീബ് റഹ്മാന്‍ കോടതിയെ ബോധിപ്പിച്ചു. സംഘടന നിരോധിക്കുന്നതിനു മുമ്പാണ് തന്റെ കക്ഷികള്‍ പിഎഫ്‌ഐ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചിട്ടുള്ളതെന്നും നിരോധനത്തിനു മുമ്പുതന്നെ ഇവരെ ജയിലില്‍ അടച്ചതായും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ രണ്ടിനും നാലിനുമായി ജയില്‍മോചിതരാക്കിയ ഇവരെ പോലിസ് ജയിലിനു പുറത്തിറങ്ങുമ്പോള്‍ തന്നെ വ്യാജ കേസ് ചുമത്തി വീണ്ടും പിടിച്ചുകൊണ്ടുവരികയായിരുന്നു.

മുദ്രാവാക്യം വിളിച്ചെന്ന് പോലിസ് പറയുന്ന സ്ഥലത്തുനിന്നല്ല അവരെ പിടികൂടിയത്. അഭിഭാഷകന്‍ ഇതിന്റെ സിസിടിവി ദൃശ്യവും കോടതിയെ കാണിച്ചു. എന്നാല്‍, സിസിടിവി ദൃശ്യങ്ങളില്‍ പോലിസ് ബലം പ്രയോഗിച്ചുകൊണ്ടുപോവുന്ന വ്യക്തികളുടെ മുഖമോ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറോ വ്യക്തമല്ലാത്തതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ തെളിവിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് കോടതി പറഞ്ഞു.

ഇതെല്ലാം വിചാരണയുടെ ഘട്ടത്തില്‍ പരിശോധിക്കേണ്ട വിഷയമാണെന്നും കോടതി പറഞ്ഞു. ഷെയ്ഖ് ഗുല്‍ഫാം ഹുസൈന്‍, അബ്ദുല്ല, മുഹമ്മദ് ഷൊഐബ്, മൊഹ്‌സിന്‍ ഖാന്‍, ഹബീബ് അസ്ഗര്‍ ജമാലി, അബ്ദുര്‍റബ്, മുഹമ്മദ് വാരിസ് ഖാന്‍, മുഹമ്മദ് ശുഐബ് എന്നിവരെയാണ് 25,000/ രൂപ വീതമുള്ള വ്യക്തിഗത ബോണ്ടില്‍ ജാമ്യത്തില്‍ വിട്ടയച്ചത്.

Tags: