അന്താരാഷ്ട്ര സ്വര്‍ണ്ണ കള്ളക്കടത്ത് റാക്കറ്റ് തകര്‍ത്തു; ന്യൂഡല്‍ഹിയില്‍ 504 സ്വര്‍ണ ബിസ്‌കറ്റുകളുമായി എട്ടുപേര്‍ പിടിയില്‍

വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച 504 സ്വര്‍ണ്ണ ബിസ്‌കറ്റുകളുമായി എട്ടുപേരെ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് അറസ്റ്റ് ചെയ്തു.

Update: 2020-08-30 01:23 GMT

ന്യൂഡല്‍ഹി: കള്ളക്കടത്ത് തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ഏജന്‍സിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വര്‍ണ കള്ളക്കടത്ത് റാക്കറ്റ് തകര്‍ത്തു. വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച 504 സ്വര്‍ണ്ണ ബിസ്‌കറ്റുകളുമായി എട്ടുപേരെ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് അറസ്റ്റ് ചെയ്തു.

വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ദിബ്രുഗഡ് -ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ യാത്ര ചെയ്ത എട്ടു പേരില്‍നിന്നായി 43 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തിയതായി ഡിആര്‍ഐ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. ഡല്‍ഹി സോണല്‍ യൂനിറ്റ് മാസങ്ങളായി ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്ന് ഏജന്‍സി വ്യക്തമാക്കി.

മ്യാന്‍മറില്‍ നിന്ന് മണിപ്പൂരിലെ മൊറേയിലെ അന്തര്‍ദേശീയ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടത്തിയ സ്വര്‍ണക്കട്ടികള്‍ ഗുവാഹത്തിയില്‍ പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് സംഘം ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെത്തിച്ച് നല്‍കി വരികയായിരുന്നുവെന്നും ഏജന്‍സിയുടെ പ്രസ്താവന വ്യക്തമാക്കി.

Tags:    

Similar News