യുപി: മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 79 കേസുകള്‍

ജൂലൈ 7 വരെ രജിസ്റ്റര്‍ ചെയ്ത 79 എഫ്‌ഐആറുകളില്‍ ഭൂരിഭാഗവും ബറേലി സോണിലാണ്, 21 കേസുകളാണ് ഈ മേഖലയില്‍ രജിസ്റ്റര്‍ ചെയ്തത്.

Update: 2021-10-23 14:54 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം ജൂലൈ വരെ നിയമവിരുദ്ധ മതപരിവര്‍ത്തനത്തിനെതിരേ രജിസ്റ്റര്‍ ചെയ്തത് 79 കേസുകള്‍. ഇതില്‍ 50 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്, ഏഴ് കേസുകളില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചതായും സംസ്ഥാന സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

79 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 22 കേസുകളില്‍ അന്വേഷണം നടക്കുകയാണെന്ന് ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിയമം ചോദ്യം ചെയ്തുള്ള ഒരു കൂട്ടം പൊതുതാല്‍പര്യ ഹരജികള്‍ക്ക് മറുപടിയായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കൗണ്ടര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ജൂലൈ 7 വരെ രജിസ്റ്റര്‍ ചെയ്ത 79 എഫ്‌ഐആറുകളില്‍ ഭൂരിഭാഗവും ബറേലി സോണിലാണ്, 21 കേസുകളാണ് ഈ മേഖലയില്‍ രജിസ്റ്റര്‍ ചെയ്തത്. മീററ്റ് സോണില്‍ 15 ഉം ഗോരഖ്പൂര്‍ സോണില്‍ 12 ഉം ആഗ്ര സോണില്‍ ഏഴും പ്രയാഗ്‌രാജ് സോണില്‍ അഞ്ചും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

നിയമം പാസായതിന് പിന്നാലെ കഴിഞ്ഞ ഡിസംബറില്‍, ഗര്‍ഭിണിയായിരുന്ന പിങ്കിയെന്ന യുവതിയുടെ ഭര്‍ത്താവിനെ ഈ നിയമപ്രകാരം അറസ്റ്റ് ചെയ്ത മൊറാദാബാദ് കേസ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ച കേസുകളില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ താത്കാലികമായി പാര്‍പ്പിച്ചിരുന്ന യുവതിക്ക് ഗര്‍ഭം അലസിയത് കേസ് വിവാദത്തിലാകാന്‍ ഇടയാക്കി.

പിങ്കിയുടെ അമ്മയുടെ പരാതിയില്‍ കാന്തിലെ വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് റാഷിദും സഹോദരനും അറസ്റ്റിലായി. റാഷിദ് വിവാഹത്തിന് പ്രേരിപ്പിക്കുകയും ജോലി ശരിയാക്കാമെന്ന് ധരിപ്പിച്ച് മതംമാറ്റുകയുമായിരുന്നുവെന്നാണ് അമ്മ നല്‍കിയ പരാതി. എന്നാല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയില്‍ സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്ന് പിങ്കി പറഞ്ഞു.

ബജ്‌റംഗ്ദളിന്റെ സിറ്റി കണ്‍വീനര്‍ രാം ലഖന്‍ വര്‍മയുടെ പരാതിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് ക്രിസ്ത്യാനികളും രണ്ട് ദലിതരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്ത ഷാജഹാന്‍പൂര്‍ കേസിലും അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടികള്‍ക്ക് ജോലിയും സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്ത് തന്നെയും മറ്റുള്ളവരെയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ അവര്‍ ശ്രമിക്കുകയാണെന്ന് ശ്രീ വര്‍മ ആരോപിച്ചിരുന്നു. കുറ്റാരോപിതരെ ബജ്‌റംഗ്ദള്‍ ആക്രമിക്കുകയും ചെയ്തു.

എന്നിരുന്നാലും, കുറ്റാരോപിതര്‍ കുറ്റങ്ങള്‍ നിഷേധിച്ചു, പുതുവര്‍ഷത്തിന്റെ ആദ്യ ഞായറാഴ്ച ആഘോഷിക്കുന്നതിനായി 2021 ജനുവരി 3 ന് ഒരു വിവാഹ ചടങ്ങിലെ ഒരു സംഗീത പ്രാര്‍ത്ഥനയില്‍ മാത്രമാണ് തങ്ങള്‍ പങ്കെടുക്കുന്നതെന്ന് പറഞ്ഞു.

സംസ്ഥാന ഗവണ്‍മെന്റിന്റെ സത്യവാങ്മൂലത്തില്‍, 'സാമൂഹിക ഘടനയ്ക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം ഭീഷണിയുണ്ടെന്ന അവകാശവാദത്തെ സാധൂകരിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല എന്ന വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി. നിര്‍ബന്ധിത മതപരിവര്‍ത്തനം യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തുടനീളം ഒരു ഭീതി സൃഷ്ടിച്ചുവെന്ന് കാണിക്കുന്നതിന് ധാരാളം രേഖകളുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.