കാനഡയെ വിഴുങ്ങി ഉഷ്ണതരംഗം; മരണസംഖ്യ 700 കടന്നു, പലയിടത്തും കാട്ടുതീ വ്യാപിക്കുന്നു

ചൂട് കൂടിയതോടെ പലയിടങ്ങളിലും വന്‍തോതില്‍ തീപ്പിടിത്തവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 130 തീപ്പിടിത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ആയിരം വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കഠിനമായ ചൂടാണ് പ്രവിശ്യയിലെ ലിട്ടന്‍ നഗരത്തില്‍ രേഖപ്പെടുത്തിയത്. ഇവിടെ കാട്ടുതീ മൂലം രണ്ടുപേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

Update: 2021-07-03 09:57 GMT

ഒട്ടാവ: ഉഷ്ണതരംഗത്തില്‍ ചുട്ടുപൊള്ളിനില്‍ക്കുന്ന പടിഞ്ഞാറന്‍ കാനഡയില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ മാത്രം ഒരാഴ്ചയ്ക്കിടെ 719 പേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍. ബ്രിട്ടീഷ് കൊളംബിയയില്‍ ഈ ആഴ്ച ആദ്യം 49.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ചൂട് കൂടിയതോടെ പലയിടങ്ങളിലും വന്‍തോതില്‍ തീപ്പിടിത്തവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 130 തീപ്പിടിത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ആയിരം വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കഠിനമായ ചൂടാണ് പ്രവിശ്യയിലെ ലിട്ടന്‍ നഗരത്തില്‍ രേഖപ്പെടുത്തിയത്. ഇവിടെ കാട്ടുതീ മൂലം രണ്ടുപേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഉഷ്ണതരംഗം രൂക്ഷമായ ലിട്ടന്‍ നഗരത്തിന്റെ 90 ശതമാനവും തീപ്പിടിത്തെത്തുടര്‍ന്ന് നശിച്ചുവെന്നാണ് വിവരം. അതേസമയം, നിരന്തരം സംഭവിക്കുന്ന ഇടിമിന്നലുകളാണ് അഗ്‌നിബാധ വര്‍ധിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 12,000 ഇടിമിന്നലുകളാണ് ബ്രിട്ടീഷ് കൊളംബിയയില്‍ രേഖപ്പെടുത്തിയത്. രാജ്യം അത്യന്തം ഭീതിജനകമായ അന്തരീക്ഷത്തിലൂടെ കടന്നുപോകവെ വിഷയം ചര്‍ച്ച ചെയ്യാന്‍ കനേഡിയന്‍പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ മൂന്നുദിവസത്തെ റെക്കോര്‍ഡ് താപനില ലിട്ടണില്‍ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബുധനാഴ്ച അവിടത്തെ താമസക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചു.

പരിസരപ്രദേശങ്ങളില്‍നിന്നായി ആയിരത്തോളം നിവാസികളെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ബിസി വൈല്‍ഡ് ഫയര്‍ സര്‍വീസ് കാട്ടുതീ വ്യാപനത്തെ 'നിയന്ത്രണാതീതമാണ്' എന്ന് അറിയിച്ചു. ഇത് 6,400 ഹെക്ടര്‍ വിസ്തൃതിയിലേക്ക് വ്യാപിച്ചതായാണ് കണക്കാക്കുന്നത്. കാനഡയിലെ അല്‍ബേര്‍ട്ട, സസ്‌കെച്വാന്‍, മനിടോബ, വടക്ക് പടിഞ്ഞാറന്‍ മേഖലകള്‍, നോര്‍ത്തേണ്‍ ഒണ്ടാറിയോ എന്നിവിടങ്ങളിലെല്ലാം ഉഷ്ണതരംഗം ശക്തമായി തുടരുകയാണ്.

കാനഡയ്ക്ക് പുറമേ അമേരിക്കയിലും ഉഷ്ണതരംഗം ശക്തമാണ്. ഒറിഗനിലും വാഷിങ്ടണിലും നിരവധിപേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ ഒന്നിന് അവസാനിക്കുന്ന ആഴ്ചയില്‍ 719 മരണങ്ങള്‍ പ്രവിശ്യയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബിസി ചീഫ് കിരീടാവകാശി ലിസ ലാപോയിന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ്. ജൂണ്‍ 30ന് പുറത്തുവിട്ട കണക്ക് പ്രകാരം അഞ്ചുദിവസത്തിനിടെ 486 മരണങ്ങളാണുണ്ടായത്.

Tags: