മധ്യപ്രദേശിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ ഏഴുവയസ്സുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Update: 2020-01-18 03:17 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ ഏഴുവയസ്സുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടികജാതി വിഭാഗത്തില്‍പെട്ട ഒന്നാം ക്ലാസ് വിദ്യാര്‍ഥി സൂരജിനെയാണ് പട്ടേല്‍ നഗറിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പ്രകാരം കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായാണു മനസ്സിലാവുന്നതെന്ന് പിപ്ലാനി പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള രാകേഷ് ശ്രീവാസ്തവ പിടി ഐയോട് പറഞ്ഞു. ജില്ല കലക്ടര്‍ തരുണ്‍ പിത്തോഡെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ഹോസ്റ്റല്‍ സൂപ്രണ്ട് റെച്ചല്‍ റാം, സൂപര്‍വൈസര്‍ ഷക്കീല്‍ ഖുറൈഷി എന്നിവരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. സംസ്ഥാന പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി ഓംകാര്‍ സിങ് മാര്‍കം വെള്ളിയാഴ്ച ഹോസ്റ്റല്‍ സന്ദര്‍ശിക്കുകയും കുട്ടിയുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ആശ്വാസധനമായി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും കടുത്ത നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

    സഹോദരന്‍ ദീപകി(9)നൊപ്പമാണ് സൂരജ് ഹോസ്റ്റലില്‍ കഴിഞ്ഞിരുന്നത്. സൂരജിന്റെ പിതാവ് രാജേഷ് ഖാര്‍പേ 40 കിലോമീറ്റര്‍ അകലെ സെഹോറില്‍ കൂലിത്തൊഴിലാളിയാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് സൂരജ് ഹോസ്റ്റലില്‍ വന്നത്.





Tags:    

Similar News