ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയായ യുവതിയെ പ്രതികള്‍ ഉള്‍പ്പെട്ട സംഘം ചുട്ടുകൊന്ന സംഭവത്തില്‍ ഏഴ് പോലിസുകാരെ സസ്‌പെന്റ് ചെയ്തു. ഉന്നാവോയിലെ ബിഹാര്‍ പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ അജയ് കുമാര്‍ ത്രിപാഠി ഉള്‍പ്പെടെ ഏഴു പേരെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി(ആഭ്യന്തരം) അവനീഷ് അശ്വതി പിടി ഐയോട് പറഞ്ഞു. കൊല്ലപ്പെട്ട 23 കാരിയുടെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച റയ്ബറേലിയിലെ ഗ്രാമത്തില്‍ കര്‍ശന സുരക്ഷയ്ക്കിടെയാണ് നടത്തിയത്. പെണ്‍കുട്ടിയുടെ മുത്തശ്ശിമാരുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന കുടുംബത്തിന്റെ ഭൂമിയില്‍ തന്നെയാണ് യുവതിയെ അടക്കം ചെയ്തത്. നിരവധി പ്രദേശവാസികളും അധികൃതരുമാണ് യുവതിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.