2020: കശ്മീരിൽ കൊല്ലപ്പെട്ടത് 229 സായുധർ; തടവിലാക്കപ്പെട്ടത് 625 പേർ

സായുധരെ സഹായിക്കുന്നു എന്നാരോപിച്ച് 625 പേരാണ് യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ടതെന്ന് എക്കണോമിക് ടൈംസ് റിപോർട്ട് ചെയ്യുന്നു.

Update: 2020-12-31 10:41 GMT

കോഴിക്കോട്: കശ്മീരിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കൊല്ലപ്പെട്ടത് 229 സായുധർ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം കശ്മീരിൽ 137 അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. 35 സിവിലിയൻമാരും 53 സുരക്ഷാ സൈനികരും ഈ വർഷം കൊല്ലപ്പെട്ടിട്ടുണ്ട്. യുഎപിഎ പ്രകാരം 625 പേരാണ് തടവിലാക്കപ്പെട്ടത്.

ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് സായുധരെ സഹായിക്കുന്നു എന്നാരോപിച്ച് 625 പേരാണ് യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ടതെന്ന് എക്കണോമിക് ടൈംസ് റിപോർട്ട് ചെയ്യുന്നു. ഈ വർഷം അറസ്റ്റിലായ ഭൂരിഭാഗം പേർക്കുമെതിരേ ആയുധ നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. ഇത് കൂടുതൽ കാലം തടവിൽ കഴിയാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നാണ് നിരീക്ഷണം.

കഴിഞ്ഞയാഴ്ച തെക്കൻ കശ്മീരിലെ പുൽവാമയിലെ അവന്തിപോറ പ്രദേശത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി പത്ത് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അവകാശപ്പെട്ടു. ഇതിൽ ജയ്ശെ മുഹമ്മദുമായി ബന്ധപ്പെട്ട ആറ് പേരും അൽ ബദർ സംഘടനയുമായി മറ്റ് നാല് പേരുമാണ് അറസ്റ്റിലായതെന്നാണ് പോലിസ് ആരോപിക്കുന്നത്.

ജമ്മു കശ്മീരിലെ സായുധ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി 2017 ൽ ആരംഭിച്ച 'ഓപ്പറേഷൻ ഓൾ ഔട്ട്' എന്ന പദ്ധതി പ്രത്യേകിച്ചും തെക്കൻ കശ്മീരിലെ നിരവധി മേഖലകളിലെ സായുധ പ്രവർത്തനത്തെ ഇല്ലാതാക്കിയതായി പോലിസ് പറയുന്നു. ഈ മേഖലയിലെ ബഹുഭൂരിപക്ഷം ഉന്നത കമാൻഡർമാരെയും വധിച്ചെന്നും സുരക്ഷാ സേന അവകാശപ്പെടുന്നു. ജൂൺ മാസത്തിൽ 58 പേരാണ് വ്യത്യസ്ത അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്.

കഴിഞ്ഞ ദിവസം തീവ്രവാദികള്‍ എന്നാരോപിച്ച് ജമ്മു കശ്മീര്‍ പോലിസ് 3 പേരെ വെടിവച്ചുകൊന്നിരുന്നു. ബുധനാഴ്ച രാത്രിയോടെ ശ്രീനഗറിന് സമീപത്തുവെച്ച് മൂന്നു തീവ്രവാദികളെ പോലീസും സൈന്യവും ചേര്‍ന്ന് വധിച്ചതായാണ് ജമ്മു കശ്മീര്‍ പോലീസ് അവകാശപ്പെട്ടത്. എന്നാല്‍ പോലീസ് വെടിവച്ചു കൊന്ന മൂന്നുപേരും നിരപരാധികളെന്ന് മരിച്ചവരുടെ കുടുംബം പറഞ്ഞു. ശ്രീനഗറിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരുന്നതിനായാണ് കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ഇവിടെ വന്നതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

എന്നാൽ ജമ്മു കശ്മീരിലെ അംഷിപോരയില്‍ രജൗരി സ്വദേശികളായ മൂന്ന് തൊഴിലാളികളെ വെടിവച്ച് കൊന്ന സംഭവത്തില്‍ മേജര്‍ റാങ്കിലുള്ള ഒരു സൈനിക ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. 'ഭീകര'രെയാണ് വധിച്ചതെന്നായിരുന്നു നേരത്തേ സൈന്യം അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ ജൂലൈ 18ന് പുലര്‍ച്ചെ ഷോപ്പിയാന്‍ ജില്ലയിലെ അംഷിപോരയില്‍ വെച്ചാണ് ജോലി തേടിയെത്തിയ നിരായുധരായ മൂന്നു യുവാക്കളെ സൈന്യം വെടിവച്ച് കൊന്നത്. ജന്മനാടായ രജൗരിയില്‍നിന്ന് ജോലി തേടി താഴ്‌വരയിലെത്തിയ 16കാരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരുന്നു.

അതേസമയം,സ്വതന്ത്ര കശ്മീർ വാദവുമായി സായുധ പ്രവർത്തന രംഗത്ത് പുതിയ സംഘടനകൾ ഉയർന്നുവന്നിട്ടുണ്ട്. പരമ്പരാഗത സംഘടനകളായ ഹിസ്ബുൽ മുജാഹിദ്ദീൻ, ലഷ്കർ ഇ ത്വയ്യിബ, ജെയ്ശെ മുഹമ്മദ് എന്നിവയ്ക്ക് പുറമേ ദി റെസിസ്റ്റൻസ് ഫ്രണ്ട്, പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്, ഗസ്‌നവി ഫോഴ്‌സ്, ലഷ്‌കർ ഇ മുസ്തഫ എന്നിവ ഓൺലൈനിലും പുറത്തും അവരുടെ സാനിധ്യം അറിയിച്ചിട്ടുണ്ട്. നിർജീവമായിരുന്ന അൽ ബദർ, ഹർക്കത്ത് ഉൽ ജിഹാദ് അൽ ഇസ്ലാമി തുടങ്ങിയ പഴയ സംഘടനകളും വീണ്ടും ഉയർന്നുവന്നിട്ടുണ്ടെന്ന് ജമ്മു കശ്മീർ പോലിസ് അധികൃതർ അവകാശപ്പെടുന്നു.