മുസ്‌ലിമെന്ന് കരുതി കാറിടിച്ച് വീഴ്ത്തിയ പെണ്‍കുട്ടിക്ക് സഹായപ്രവാഹം
ഗോഫണ്ട് പേജ് വഴി നടത്തിയ ധനസമാഹരണത്തിലൂടെ തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ ആറ് ലക്ഷം ഡോളറാണ് പിരിഞ്ഞുകിട്ടിയത്. അഞ്ച് ലക്ഷം ഡോളറാണ് ലക്ഷ്യമിട്ടിരുന്നത്.
വാഷിങ്ടണ്‍: കഴിഞ്ഞ മാസം കാറിടിച്ച് വീഴ്ത്തി അബോധാവസ്ഥയിലായ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക് സഹായപ്രവാഹം. മുസ്‌ലിമാണെന്ന് കരുതിയാണ് 13 വയസുള്ള ധൃതി നാരായണനെ ഒരു ജൂത വംശജന്‍ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഗോഫണ്ട് പേജ് വഴി നടത്തിയ ധനസമാഹരണത്തിലൂടെ തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ ആറ് ലക്ഷം ഡോളറാണ് പിരിഞ്ഞുകിട്ടിയത്. അഞ്ച് ലക്ഷം ഡോളറാണ് ലക്ഷ്യമിട്ടിരുന്നത്.
ഏപ്രില്‍ 23ന് കാലഫോണിയയിലെ സണ്ണിവാലെയില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്നു ധൃതിയും കുടുംബവും. പെട്ടെന്ന് അതു വഴി കടന്നു വന്ന വാഹനം മനപൂര്‍വ്വം ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. എസയ്യ പീപ്പിള്‍സ് എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. മുസ്‌ലിമാണെന്ന് കരുതിയാണ് ഇയാള്‍ കാര്‍ ഇവരുടെ നേരെ ഓടിച്ചുകയറ്റിയതെന്ന് പോലിസ് വ്യക്തമാക്കി. ധൃതിയുടെ പിതാവും ഒമ്പതു വയസുള്ള സഹോദരനും ഉള്‍പ്പെടെ മറ്റ് ഏഴ് പേര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു.
തലയ്‌ക്കേറ്റ ആഘാതം കാരണം ധൃതി ഇപ്പോള്‍ കോമയിലാണ്. ഏഴ് ദിവസം ആരംഭിച്ച ധനസമാഹരണത്തില്‍ ഇതിനകം 12,360 പേരാണ് പങ്കാളികളായത്. എസയ്യ പീപ്പിള്‍സിനെ മെയ് 3ന് സാന്റ ക്ലാര കൗണ്ടി സൂപീരിയര്‍ കോടതിയില്‍ ഹാജരാക്കി. വധശ്രമത്തിനുള്ള എട്ടു കേസുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. മെയ് 16ന് ആണ് അടുത്ത വാദംകേള്‍ക്കല്‍.