പുനെയില്‍ പാലം സ്‌ഫോടനത്തിലൂടെ തകര്‍ത്തു

Update: 2022-10-02 06:10 GMT
പുനെയില്‍ പാലം സ്‌ഫോടനത്തിലൂടെ തകര്‍ത്തു

പുനെ: മരടിലെയും നോയിഡയിലെയും അനധികൃത കെട്ടിടങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തതിന് സമാനമായി പുനെയിലെ ചാന്ദ്‌നി ചൗക്കില്‍ പാലം തകര്‍ത്തു. 1990 കളുടെ അവസാനം മുംബൈ ബെംഗളുരു ഹൈവേയില്‍ നിര്‍മിച്ച പാലമാണ് ഞായറാഴ്ച പുലര്‍ച്ചെ തകര്‍ത്തത്. ചാന്ദ്‌നി ചൗക്കിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ത്തത്.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പാലം തകര്‍ത്തത്. 600 കിലോ സ്‌ഫോടക വസ്തുവാണ് നിയന്ത്രിത സ്‌ഫോടനത്തിനായി ഉപയോഗിച്ചത്. പാലം തകര്‍ക്കുന്നതിന്റെ ഭാഗമായി വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ച് പ്രദേശത്ത് 144ലും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, പാലത്തിന്റെ ഒരു ഭാഗം ഇപ്പോഴും തകര്‍ന്നുവീഴാതെ നില്‍ക്കുന്നുണ്ട്. കോണ്‍ക്രീറ്റ് മാറ്റിയെന്നും അതിന്റെ സ്റ്റീല്‍ ബാറുകള്‍ മാത്രമാണ് മാറ്റാനുള്ളതെന്നും എഡിഫിസ് കമ്പനിയിലെ ഒരു എന്‍ജിനീയര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. സ്റ്റീല്‍ ബാറുകള്‍ മാറ്റിയാല്‍ ബാക്കിയുള്ളവയും താഴെ വീഴുമെന്നും പാലത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച സ്റ്റീലിന്റെ ഗുണനിലവാരം തങ്ങള്‍ ഉദ്ദേശിച്ചതിലും മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോയിഡയിലെ ഇരട്ട കെട്ടിടങ്ങള്‍ തകര്‍ത്ത എഡിഫിസ് എന്‍ജിനീയറിങ് കമ്പനിയാണ് പാലം സ്‌ഫോടനത്തിലൂടെ തകര്‍ത്തതത്. ഓഗസ്റ്റിലായിരുന്നു ഇരട്ട ടവറുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. നിയമം ലംഘിച്ചതിന് രാജ്യത്ത് തകര്‍ക്കപ്പെട്ടതില്‍ ഏറ്റവും വലിയ കെട്ടിട സമുച്ചയമാണിത്. ഒമ്പതുസെക്കന്‍ഡുകള്‍ക്കുള്ളിലാണ് നോയിഡയിലെ 32 നിലയും 29 നിലയുമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നത്.

മുംബൈയിലെ എഡിഫിസ് എന്‍ജിനിയറിങ് കമ്പനിയും ദക്ഷിണാഫ്രിക്കന്‍ കമ്പനി ജെറ്റ് ഡെമോളിഷനും ചേര്‍ന്നാണ് കൊച്ചിയിലെ മരടിലെ ഫഌറ്റുകള്‍ തകര്‍ത്തതും.

Tags: