തെരുവിലൂടെ ചെരിപ്പിട്ട് നടന്ന്...; സവര്‍ണരുടെ അപ്രഖ്യാപിത വിലക്ക് പൊട്ടിച്ചെറിഞ്ഞ് ദലിതര്‍
ചെന്നൈ: തെരുവിലൂടെ ചെരിപ്പിട്ട് നടന്ന് സവര്‍ണരുടെ അപ്രഖ്യാപിത വിലക്ക് പൊട്ടിച്ചെറിഞ്ഞ് തമിഴ്‌നാട്ടിലെ ദലിതര്‍. തിരുപ്പൂര്‍ ജില്ലയിലെ രാജാവൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 60 ദലിതരാണ് ഗ്രാമത്തിലെ കമ്പള നായ്ക്കന്‍ തെരുവിലൂടെ ആദ്യമായി ചെരിപ്പിട്ട് നടന്നത്. പട്ടികജാതി വിഭാഗക്കാര്‍ തെരുവില്‍ ചെരിപ്പിട്ട് നടന്നാല്‍ പ്രാദേശിക ദേവത കോപിക്കുമെന്നു പറഞ്ഞ് കാലങ്ങളായി ദലിതുകള്‍ക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. വിഷയത്തില്‍ ദലിത് സംഘടനകളാണ് ഇത്തരമൊരു പ്രതിഷേധത്തിനു നേതൃത്വം നല്‍കിയത്. 300 മീറ്റര്‍ ചുറ്റളവുള്ള തെരുവില്‍ താമസിക്കുന്ന, പിന്നാക്ക ജാതി വിഭാഗമായ നായ്ക്കര്‍മാരായ 60 പേരാണുള്ളത്. ഗ്രാമത്തിലെ 900ഓളം വീടുകളില്‍ 800ഉം ഗൗണ്ടര്‍മാര്‍മാരാണ്. പട്ടികജാതിക്കാര്‍ ചെരിപ്പിട്ട് തെരുവിലൂടെ നടന്നാല്‍ മൂന്നു മാസത്തിനകം അവര്‍ മരണപ്പെടുമെന്നും കഥ പ്രചരിപ്പിച്ചിരുന്നു. ഇതുകാരണം ചെരിപ്പിടാതെയായിരുന്നു നടന്നിരുന്നത്.
സവര്‍ണരുടെ ചായക്കടകളില്‍ സവര്‍ണര്‍ക്ക് ചില്ലു ഗ്ലാസിലും ദലിതര്‍ക്ക് പേപ്പര്‍ ഗ്ലാസിലുമാണ് ചായ നല്‍കുന്നത്. 'ഞായറാഴ്ച വൈകീട്ട് ഞങ്ങള്‍ ചെരിപ്പുകളുമായി തെരുവിലൂടെ നടന്നെന്നും പതിറ്റാണ്ടുകള്‍ നീണ്ട അടിച്ചമര്‍ത്തല്‍ അവസാനിപ്പിച്ചെന്നും ഗ്രാമീണന്‍ പറഞ്ഞു. 'സ്വാതന്ത്ര്യത്തിന് ശേഷം തൊട്ടുകൂടായ്മ നിരോധിച്ചപ്പോള്‍, പ്രബല ജാതിക്കാര്‍ ഈ ആചാരം നിലനിര്‍ത്താന്‍ ഒരു കഥ മെനഞ്ഞു, തെരുവിനടിയില്‍ ഒരു വൂഡൂ പാവയെ കുഴിച്ചിട്ടിട്ടുണ്ടെന്നും പട്ടികജാതിക്കാര്‍ ചെരുപ്പുമായി തെരുവിലൂടെ നടന്നാല്‍, മൂന്നു മാസത്തിനകം അവര്‍ മരിക്കുമെന്നും പറഞ്ഞു. ചില പട്ടികജാതി അംഗങ്ങള്‍ ആ കഥകള്‍ വിശ്വസിക്കുകയും ചെരിപ്പിടാതെ നടക്കാന്‍ തുടങ്ങുകയും ചെയ്തു. ഈ രീതി തുടരുകയായിരുന്നുവെന്നും ഗ്രാമവാസികള്‍ പറഞ്ഞു. 60 ഓളം ദലിതുകള്‍ ചെരിപ്പുമായി തെരുവിലൂടെ നടന്നതായും ആരും ഞങ്ങളെ തടഞ്ഞില്ലെന്നും തമിഴ്‌നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് (തിരുപ്പൂര്‍) സെക്രട്ടറി സി കെ കനകരാജ് പറഞ്ഞു. പരിപാടി മുഴുവന്‍ സമയവും ലോക്കല്‍ പോലിസ് നിരീക്ഷിച്ചിരുന്നു. സിപിഎം, വിസികെ, എടിപി പ്രവര്‍ത്തകരും തെരുവിലൂടെ നടന്ന് ദലിതര്‍ക്ക് പിന്തുണയര്‍പ്പിച്ചു. മാത്രമല്ല, ഗ്രാമത്തിലെ രാജകാളിയമ്മന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു.
