സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് നടുറോഡില്‍ മര്‍ദ്ദനവും സാരി അഴിക്കാന്‍ ശ്രമവും; യുപിയില്‍ ആറ് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സര്‍ക്കിള്‍ ഓഫിസര്‍, രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലഖിംപൂരിലാണ് സംഭവം നടന്നത്.

Update: 2021-07-09 12:48 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകയെ നടുറോഡില്‍ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെയും സാരി വലിച്ചൂരുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആറ് പോലിസുകാരെ സസ്‌പെന്റ് ചെയ്തു. സര്‍ക്കിള്‍ ഓഫിസര്‍, രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലഖിംപൂരിലാണ് സംഭവം നടന്നത്.

ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ യുവതിയെ രണ്ട് പുരുഷന്‍മാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇവര്‍ യുവതിയുടെ നാമനിര്‍ദേശ പത്രിക പിടിച്ചുവാങ്ങി കീറിക്കളഞ്ഞു. നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ പത്രിക സമര്‍പ്പിക്കാതിരിക്കുന്നതിനുള്ള നീക്കമായിരുന്നു ഇത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം. തങ്ങളുടെ നേതാവിനെതിരേ ആരും മല്‍സരിക്കരുതെന്നതായിരുന്നു അക്രമികളുടെ ആവശ്യമെന്നും അങ്ങനെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെതിന് വേണ്ടിയാണ് ആക്രമണം നടത്തിയതെന്നുമാണ് പോലിസിന്റെ വിശദീകരണം.

825 പ്രാദേശിക പഞ്ചായത്ത് മേധാവി സ്ഥാനത്തേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ ഒരു ഡസനിലധികം സ്ഥലങ്ങളില്‍നിന്നാണ് ഏറ്റുമുട്ടല്‍ റിപോര്‍ട്ട് ചെയ്തത്. വീഡിയോ പുറത്തുവന്നതോടെ സംസ്ഥാന സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുവന്നു. ബിജെപി പ്രവര്‍ത്തകരാണ് തങ്ങളുടെ പ്രവര്‍ത്തകയെ ആക്രമിച്ചതെന്ന് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. യോഗി ആദിത്യനാഥിന്റെ അധികാരദാഹികളായ ഗുണ്ടകളാണ് ഇത് ചെയ്തതെന്ന് സംഭവത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു.

തിരഞ്ഞെടുപ്പിനെ ബിജെപി പരിഹസിച്ചതായി അഖിലേഷ് യാദവ് നേരത്തെ ആരോപിച്ചിരുന്നു. ഭരണകക്ഷി വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയി വോട്ടിങഗ് തടയാന്‍ 'ബലപ്രയോഗം' നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബോംബുകളും കല്ലുകളും വെടിയുണ്ടകളുമെടുക്കാനും നാമനിര്‍ദേശ പത്രികകള്‍ പിടിച്ചെടുക്കാനും മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കാനും സ്ത്രീകളോട് മോശമായി പെരുമാറാനും നടക്കുന്ന നിങ്ങളുടെ പ്രവര്‍ത്തകരെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അഭിനന്ദിക്കണം. നിയമത്തിന്റെയും ചട്ടങ്ങളുടെയും കണ്ണുമൂടികെട്ടികൊണ്ട് ജനാധിപത്യത്തെ വിവസ്ത്രയാക്കിയിരിക്കുകയാണ്- പ്രിയങ്ക പറഞ്ഞു.

Tags: