58 വര്‍ഷം മുമ്പ് പോത്തുകളെ മോഷ്ടിച്ചെന്ന കേസ്: പ്രതി അറസ്റ്റില്‍

Update: 2023-09-13 14:53 GMT

ബെംഗളൂരു: 58 വര്‍ഷം മുമ്പ് രണ്ട് പോത്തുകളെയും ഒരു പശുക്കുട്ടിയെയും മോഷ്ടിച്ചെന്ന കേസിലെ പ്രതിയെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു. ഗണപതി വിട്ടല്‍ വാഗോര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇയാള്‍ക്ക് 20 വയസ്സായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ കിഷന്‍ ചന്ദര്‍ 2006 ഏപ്രില്‍ 11 ന് മരണപ്പെടുകയും അദ്ദേഹത്തിനെതിരായ കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. 1965ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലിസ് പറഞ്ഞു. 1965 ഏപ്രില്‍ 25ന് മെഹ്കര്‍ നിവാസിയായ മുരളീധരറാവു മണിക്‌റാവു കുല്‍ക്കര്‍ണിയാണ് തന്റെ രണ്ട് പോത്തുകളെയും ഒരു പശുക്കിടാവിനെയും മോഷ്ടിച്ചെന്ന് ആരോപിച്ച് മെഹ്കര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഉദഗിര്‍ സ്വദേശികളായ കിഷന്‍ ചന്ദര്‍, ഗണപതി വിട്ടല്‍ വാഗോര്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ച പ്രതികള്‍ കോടതി നടപടികളില്‍ ഹാജരാവാതെ മുങ്ങുകയായിരുന്നു. സമന്‍സും വാറണ്ടും പുറപ്പെടുവിച്ചെങ്കിലും ഇവര്‍ ഒളിവിലായിരുന്നു. പ്രതിയെ കണ്ടെത്താനാവാതെ പോലിസ് കേസ് സംബന്ധിച്ച് ദീര്‍ഘകാല റിപോര്‍ട്ട്(എല്‍പിആര്‍) സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, ബിദാര്‍ എസ്പി എസ് എല്‍ ചന്നബസവണ്ണ എല്ലാ എല്‍പിആര്‍ കേസുകളും തീര്‍പ്പാക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു.

Tags:    

Similar News