ജീവനക്കാരുടെ 'മെഡിക്കല്‍ അവധി';എയര്‍ ഇന്ത്യയുടെ റിക്രൂട്ടിങ് ദിനത്തില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകി, അന്വേഷണത്തിന് ഡിജിസിഎ

അവധിയെടുത്ത ഇന്‍ഡിഗോ ജീവനക്കാര്‍ എയര്‍ ഇന്ത്യയുടെ റിക്രൂട്ട്‌മെന്റ് പരീക്ഷക്ക് പോയതിനാലാണ് വിമാനങ്ങള്‍ വൈകിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം പരിശോധിക്കുകയാണെന്ന് ഡിജിസിഎ മേധാവി അരുണ്‍ കുമാര്‍ പിടിഐയോട് പറഞ്ഞു.

Update: 2022-07-03 15:52 GMT

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ റിക്രൂട്ടിങ് ദിവസത്തില്‍ ഇന്‍ഡിഗോയുടെ 55 ശതമാനം ആഭ്യന്തര സര്‍വീസുകളും വൈകി. നിരവധി എണ്ണം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ 'മെഡിക്കല്‍ ലീവ്' എടുത്തതിനാലാണ് ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകിയത്. അവധിയെടുത്ത ഇന്‍ഡിഗോ ജീവനക്കാര്‍ എയര്‍ ഇന്ത്യയുടെ റിക്രൂട്ട്‌മെന്റ് പരീക്ഷക്ക് പോയതിനാലാണ് വിമാനങ്ങള്‍ വൈകിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം പരിശോധിക്കുകയാണെന്ന് ഡിജിസിഎ മേധാവി അരുണ്‍ കുമാര്‍ പിടിഐയോട് പറഞ്ഞു.

എയര്‍ ഇന്ത്യയുടെ റിക്രൂട്ട്‌മെന്റ് രണ്ടാം ഘട്ടമാണ് ശനിയാഴ്ച നടന്നത്. അസുഖ അവധി എടുത്ത ഇന്‍ഡിഗോയുടെ ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും റിക്രൂട്ട്‌മെന്റിന് പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ നിലവില്‍ പ്രതിദിനം ഏകദേശം 1,600 വിമാന സര്‍വീസ് നടത്തുന്നുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം ഇന്‍ഡിഗോയുടെ ആഭ്യന്തര വിമാനങ്ങളില്‍ 45.2 ശതമാനം മാത്രമാണ് ശനിയാഴ്ച കൃത്യസമയത്ത് സര്‍വീസ് നടത്തിയത്.

രാജ്യവ്യാപകമായി ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ഇന്നലേയും ഇന്നുമാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ കൂട്ടത്തോടെ വൈകിയത്. ഇന്നലെ ഇന്‍ഡിഗോയുടെ 55 ശതമാനം സര്‍വീസുകളും വൈകി. ഇന്‍ഡിഗോ വിമാനങ്ങളില്‍ 45 ശതമാനം മാത്രമാണ് ശനിയാഴ്ച കൃത്യസമയത്ത് സര്‍വീസ് നടത്താന്‍ കഴിഞ്ഞതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, വിസ്താര, ഗോ ഫസ്റ്റ്, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയുടെ വിമാനങ്ങളും വൈകി. എന്നാല്‍ ഏറ്റവും കൂടുതല്‍ വൈകിയത് ഇന്‍ഡിഗോയുടെ വിമാനങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ എട്ടിന് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. പുതിയ വിമാനങ്ങള്‍ വാങ്ങാനും സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഒരുങ്ങുന്നതിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ പുതിയ ജീവനക്കാരെ തേടുന്നത്. ദിവസം 1500 ലേറെ ആഭ്യന്തര സര്‍വീസുകള്‍ ആണ് രാജ്യത്തെ വിവിധ നഗരങ്ങലെ ബന്ധിപ്പിച്ചു കൊണ്ട് ഇന്‍ഡിഗോ നടത്തുന്നത്.

Tags:    

Similar News