ന്യൂഡല്‍ഹിയിലെ യുഎസ് എംബസി കോംപൗണ്ടില്‍ 5 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു

എന്നാല്‍, ദേശീയ മാധ്യമങ്ങളൊന്നും വാര്‍ത്ത നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Update: 2020-02-08 02:53 GMT
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ യുഎസ് എംബസി കോംപൗണ്ടില്‍ 5 വയസ്സുകാരി ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച എംബസി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് അയല്‍വാസി ബലാല്‍സംഗത്തിനിരയാക്കിയതെന്ന് ഡല്‍ഹി പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഈഷ് സിംഗാല്‍ പറഞ്ഞതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. എംബസിയില്‍ വീട്ടുജോലിക്കാരിയായ ജീവനക്കാരിയുടെ മകളാണ് ബലാല്‍സംഗത്തിനിരയായത്. പെണ്‍കുട്ടി 25 കാരനായ പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ ബലാല്‍സംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

    സംഭവം എംബസി ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചിട്ടുണ്ട്. എംബസി കോംപൗണ്ടില്‍ ഒരു ബാലിക ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന കാര്യമറിഞ്ഞ യുഎസ് എംബസി ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സിഎന്‍എന്നിനു നല്‍കിയ പ്രസ്താവനയില്‍ വക്താവ് അറിയിച്ചു. സംഭവം പോലിസില്‍ റിപോര്‍ട്ട് ചെയ്യുകയും ഇരയ്ക്ക് വൈദ്യസഹായം ഉള്‍പ്പെടെ ആവശ്യമാ കാര്യങ്ങള്‍ ചെയ്യാന്‍ ഇടപെടുകയും ചെയ്തതായി എംബസി അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

    2012 ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കൂട്ടബലാല്‍സംഗത്തിന്റെ പശ്ചാത്തലത്തില്‍ എംബസിയില്‍ ബാലിക ബലാല്‍സംഗത്തിനരയായതും വന്‍ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണു കരുതുന്നത്. എന്നാല്‍, ദേശീയ മാധ്യമങ്ങളൊന്നും വാര്‍ത്ത നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ഡല്‍ഹിയില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാജ്യതലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളില്‍ പോലും സ്ത്രീകളുടെ സുരക്ഷ ഇപ്പോഴും കടലാസിലൊതുങ്ങുകയാണെന്ന വിമര്‍ശനമുയരും. നിര്‍ഭയ സംഭവത്തിനു ശേഷം ബലാല്‍സംഗ നിയമങ്ങളില്‍ നിരവധി ഭേദഗതികള്‍ കൊണ്ടുവരികയും ഇരയ്ക്ക് 12 വയസ്സിന് താഴെയുള്ള കേസുകളില്‍ പ്രതിക്ക് വധശിക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

    2018 ല്‍ 33,000ലേറെ ബലാല്‍സംഗ കേസുകളാണ് ഡല്‍ഹിയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് ഓരോ ദിവസവും ഏകദേശം 91 കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.




Tags: