യുപിയില്‍ അഞ്ചംഗ കുടുംബത്തെ വീട്ടിനുള്ളില്‍ തല്ലിക്കൊന്നു
എല്ലാവരെയും കല്ലുകൊണ്ടിടിച്ചാണ് കൊലപ്പെടുത്തിയതെന്നും പൂര്‍വ വൈരാഗ്യമാവാം കൊലയ്ക്കു പിന്നിലെന്നു സംശയിക്കുന്നതായും പോലിസ് സൂപ്രണ്ട് ഹേമരാജ് മീണ പറഞ്ഞു
ബാന്ദ: ഉത്തര്‍പ്രദേശില്‍ അഞ്ചംഗ കുടുംബത്തെ വീട്ടിനുള്ളില്‍ തല്ലിക്കൊന്ന നിലയില്‍ കണ്ടെത്തി. ഹാമിപൂര്‍ ജില്ലയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. റഈസ്(27), ഭാര്യ റോഷ്‌നി(25), മകള്‍ ആലിയ(4), അമ്മാവന്റെ മകള്‍ റോഷ്‌നി(15), 85കാരിയായ മുത്തശ്ശി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു കാരണം പൂര്‍വ വൈരാഗ്യമാവാമെന്ന് പോലിസ് പറഞ്ഞു. കുടുംബത്തിലെ മുതിര്‍ന്ന അംഗമായ നൂര്‍ഭക്ഷ് വിവാഹത്തില്‍ പങ്കെടുക്കാനായി പുറത്തുപോയ സമയത്താണു സംഭവം. തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. എല്ലാവരെയും കല്ലുകൊണ്ടിടിച്ചാണ് കൊലപ്പെടുത്തിയതെന്നും പൂര്‍വ വൈരാഗ്യമാവാം കൊലയ്ക്കു പിന്നിലെന്നു സംശയിക്കുന്നതായും പോലിസ് സൂപ്രണ്ട് ഹേമരാജ് മീണ പറഞ്ഞു. എല്ലാവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചെന്നും വിശദമായ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തെ കുറിച്ച് വ്യക്തമാവൂ എന്നും പോലിസ് പറഞ്ഞു.