യുപിയില്‍ വിഷമദ്യം കഴിച്ച് അഞ്ച് മരണം; 7 പേര്‍ ആശുപത്രിയില്‍

Update: 2021-01-09 01:03 GMT
ലക്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വിഷമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു. ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെ ജീത്ഗാര്‍ഹി ഗ്രാമത്തിലാണ് സംഭവം. കുല്‍ദീപ് എന്നയാള്‍ വിതരണം ചെയ്ത മദ്യം കഴിച്ചവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചുപേര്‍ മരണത്തിനു കീഴടങ്ങി.


പ്രദേശത്ത് നാളുകളായി അനധികൃത മദ്യനിര്‍മാണവും വിതരണം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ നാല് പോലിസുകാരെ സസ്പന്‍ഡ് ചെയ്തു. കുറ്റക്കാര്‍ക്കെതിരേ കര്‍ക്കശ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. നിലവില്‍ സംസ്ഥാനമൊട്ടാകെ മദ്യവില്‍പ്പനശാലകളില്‍ റെയ്ഡ് നടക്കുന്നു. എന്‍എസ്എ (ദേശീയ സുരക്ഷാ നിയമം), ഗ്യാങ്സ്റ്റര്‍ ആക്റ്റ് എന്നിവ പ്രകാരം പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഓഫീസ് (സിഎംഒ) നിര്‍ദ്ദേശിച്ചു.