ജില്ലാ നേതാക്കള്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ ബംഗാളില്‍ 480 സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു
ജില്ലയില്‍ നിന്നുള്ള രണ്ട് ജില്ലാ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ബിജെപിയിലേക്കുള്ള ഒഴുക്ക്
കൊൽക്കത്ത: ബംഗാളില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള അഞ്ഞൂറോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതില്‍ 480 പേരും സിപിഎമ്മില്‍ നിന്നുള്ളവരാണ്. കിഴക്ക്-പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരില്‍ നിന്നുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
ആര്‍എസ്പി, സിപിഐ, പിഡിഎസ്,എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, ഐഎന്‍ടിയുസി എന്നീ സംഘടനകളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ ചിത്രങ്ങള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദീലീപ് ഘോഷ് ട്വിറ്ററില്‍ പങ്കുവെച്ചു. കിഴക്കന്‍ മിഡ്‌നാപ്പൂരിലെ രാം നഗറില്‍ കഴിഞ്ഞ ഒക്ടോബറില്‍ സിപിഎം എംഎല്‍എയായിരുന്ന സ്വദേശ് നായിക്ക് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ അനുയായികളും ബിജെപിയില്‍ ചേര്‍ന്നവരിലുണ്ട്.
ഈസ്റ്റ് മിഡ്നാപ്പൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് ജില്ലാ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ബിജെപിയിലേക്കുള്ള ഒഴുക്ക്. ജില്ല കമ്മറ്റി അംഗം അര്‍ജുന്‍ മൊണ്ടാല്‍, മുന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം ശ്യാമള്‍ മൈറ്റി എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരോടൊപ്പം നിരവധി സിപിഎം പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
ആര്‍എസ്പി സംസ്ഥാന കമ്മറ്റി അംഗമായ അശ്വിനി ജനയും ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി കേന്ദ്ര കമ്മറ്റിയംഗം കൈലാഷ് വിജയവര്‍ഗിയ, സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
