കര്‍ണാടകയില്‍ ക്രിസ്ത്യന്‍ ആരാധനാലയം ഹിന്ദുത്വര്‍ തകര്‍ത്തു; അതിക്രമം കോടതി ഉത്തരവ് ലംഘിച്ച്

Update: 2022-02-06 11:08 GMT

മംഗളൂരു: ഹിജാബിന്റെ പേരില്‍ മുസ് ലിംകള്‍ക്ക് നേരെയുള്ള ഹിന്ദുത്വ നീക്കം ചര്‍ച്ചയാവുന്നതിനിടെ കര്‍ണാടകയില്‍ നിന്ന് ന്യൂനപക്ഷ വേട്ടയുടെ മറ്റൊരു വാര്‍ത്തകൂടി പുറത്ത് വന്നു. കോടതിയുടെ സ്‌റ്റേ ഉത്തരവ് ലംഘിച്ച് ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാലയവും അതിനോടനുബന്ധിച്ചുള്ള കെട്ടിടങ്ങളും ജെസിബി ഉപയോഗിച്ച് തകര്‍ത്തിരിക്കുകയാണ് ഹിന്ദുത്വര്‍.

മംഗളൂരു പഞ്ചിമൊഗരുവിലെ സെന്റ് ആന്റണി ഹോളി ക്രോസ് ആരാധനാലയത്തിന് നേരെ ശനിയാഴ്ച്ചയാണ് ഹിന്ദുത്വ ആക്രമണം അരങ്ങേറിയത്. പ്രാര്‍ത്ഥനാ കേന്ദ്രത്തിന്റെ കെട്ടിടവും മറ്റു കെട്ടിടങ്ങളും വസ്തുവിന് ചുറ്റുമുള്ള മരങ്ങളും ജെസിബി ഉപയോഗിച്ച് തകര്‍ത്തിട്ടുണ്ട്. ഹിന്ദുത്വ സംഘടനയായ ശ്രീ സത്യ കോര്‍ദ്ദബ്ബു സേവാ സമിതിയുടെ നേതൃത്വത്തിലാണ് അതിക്രമം അരങ്ങേറിയത്.

സെന്റ് ആന്റണി ഹോളി ക്രോസ് ബില്‍ഡിംഗ് കമ്മിറ്റി പ്രസിഡന്റ് ആന്റണി പ്രകാശ് ലോബോ, സിപ്രിയന്‍ ഡിസൂസ, ഫ്രാന്‍സിസ് പിന്റോ, വലേറിയന്‍ ലോബോ എന്നിവര്‍ ശ്രീ സത്യ കോര്‍ഡ്ഡബ്ബു സേവാ സമിതിക്കെതിരെ കാവൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 'ഞങ്ങളുടെ വസ്തുവകകളിലേക്കുള്ള അനധികൃത പ്രവേശനം തടഞ്ഞ് കൊണ്ട് കോടതി സ്‌റ്റേ നിലനില്‍ക്കുന്നുണ്ട്. ഡെപ്യൂട്ടി കമ്മീഷണറും സ്‌റ്റേ നല്‍കിയിട്ടുണ്ട്. പക്ഷേ, എതിര്‍കക്ഷി ഞങ്ങളുടെ വസ്തുവകകളില്‍ അനധികൃതമായി കടന്നുകയറി ഞങ്ങളുടെ കോമ്പൗണ്ടിനുള്ളിലെ മതിലും മരങ്ങളും തകര്‍ത്തു. ഞങ്ങളുടെ കോമ്പൗണ്ടിനുള്ളില്‍ ഒന്നാം വര്‍ഷ നേമോത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ക്ഷണ നോട്ടിസും അവര്‍ തയ്യാറാക്കിയിട്ടുണ്ട്.

'കഴിഞ്ഞ 40 വര്‍ഷമായി ഞങ്ങള്‍ ഈ കോമ്പൗണ്ടില്‍ പ്രാര്‍ത്ഥനയും മറ്റു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സിറ്റി കോര്‍പ്പറേഷന്‍ അധികൃതര്‍ ഞങ്ങള്‍ക്ക് ഡോര്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. അങ്കണവാടികള്‍ സൗജന്യമായി നടത്താനും അനുവദിച്ചിരുന്നു. ഞങ്ങള്‍ എന്നും സമാധാനത്തിന്റെ പക്ഷത്താണ്. പക്ഷേ, എതിര്‍കക്ഷി സമാധാനം തകര്‍ക്കാന്‍ ആക്രമണം അഴിച്ചുവിട്ടു. കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കണം'. സെന്റ് ആന്റണി ഹോളി ക്രോസ് ബില്‍ഡിംഗ് കമ്മിറ്റി പ്രസിഡന്റ് ആന്റണി പ്രകാശ് ലോബോ പറഞ്ഞു.

കുളൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ ഭാഗമായ സെന്റ് ആന്റണീസ് ഹോളി ക്രോസ് പ്രെയര്‍ സെന്റര്‍ കഴിഞ്ഞ 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആന്റണി പ്രകാശ് ലോബോ പറഞ്ഞു. സിറ്റി കോര്‍പ്പറേഷന്‍ വൈദ്യുതിയും വെള്ളവും നല്‍കിയിട്ടുണ്ട്. ഇവിടെ കുട്ടികള്‍ക്കായി യാതൊരു നിരക്കുമില്ലാതെ അംഗന്‍വാടി അനുവദിച്ചിരുന്നു. സിവില്‍ തര്‍ക്കം കോടതിയിലാണ്. ഉത്തരവിന്റെ പകര്‍പ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും പോലീസ് കമ്മീഷണര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ട്.

Tags:    

Similar News