ഇന്ത്യയില്‍ വരാനാരിക്കുന്നത് കടുത്ത ദാരിദ്ര്യം; 40 കോടി തൊഴിലാളികള്‍ ദുരിതത്തിലാവും

Update: 2020-04-09 10:18 GMT

വാഷിങ്ടണ്‍: കൊവിഡ് മഹാമാരി ലോക സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കുമെന്നും ഇന്ത്യയില്‍ വരാനാരിക്കുന്നത് കടുത്ത ദാരിദ്ര്യമായിരിക്കുമെന്നും രാജ്യാന്ത തൊഴില്‍ സംഘടന(ഐഎല്‍ഒ)യുടെ മുന്നറിയിപ്പ്. ഇന്ത്യയിലെ അസംഘടിത മേഖലയില്‍ 40 കോടി തൊഴിലാളികളെങ്കിലും കടുത്ത ദാരിദ്ര്യത്തിലേക്ക് പോവാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. വരുന്ന മൂന്നു മാസത്തിനുള്ളില്‍ ലോകത്താകെ 19.5 കോടി മുഴുസമയ ജോലി നഷ്ടപ്പെട്ടേക്കുമെന്നും ഐഎല്‍ഒ വിലയിരുത്തുന്നു. ലോകത്ത് അസംഘടിത മേഖലയില്‍ 200 കോടി തൊഴിലാളികളാണ് ജോലിയെടുക്കുന്നത്. കൊവിഡ് കാരണം ഇവരെല്ലാം കടുത്ത പ്രതിസന്ധി നേരിടുകയാണ്. തൊഴില്‍ നഷ്ടം പ്രവചനാതീതമാണ്. ഇന്ത്യ, ബ്രസീല്‍, നൈജീരിയ എന്നീ രാജ്യങ്ങളില്‍ ലോക്ക് ഡൗണ്‍ അസംഘടിത മേഖലയെ ഇപ്പോള്‍തന്നെ ബാധിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ 90 ശതമാനം പേരും അസംഘടിത മേഖലയിലാണ് ജോലിചെയ്യുന്നത്. ലോക്ക് ഡൗണ്‍ കാരണം ഇവരില്‍ മിക്കവരും നാട്ടിലേക്ക് തിരിച്ചുപോവാന്‍ നിര്‍ബന്ധിതരായെന്നും ഐഎല്‍ഒ ചൂണ്ടിക്കാട്ടുന്നു.

    കൊവിഡ് ഭീതിയൊഴിഞ്ഞാലും ലോക വ്യാപകമായി തൊഴിലാളികളെ വന്‍ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയായാണ് സംഘടന കൊവിഡിനെ വിലയിരുത്തുന്നത്. 75 വര്‍ഷത്തിനിടെ ലോകം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാണിതെന്നും ഒരു രാജ്യം പരാജയപ്പെട്ടാല്‍ എല്ലാവരും പരാജയപ്പെടുന്നതിനു തുല്യമാണെന്നും ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ ഗേ റൈഡര്‍ പറഞ്ഞു. വികസിത, വികസ്വര സമ്പദ്‌വ്യവസ്ഥകളിലെ തൊഴിലാളികളും വ്യാപാരങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും അതിവേഗം ഒറ്റക്കെട്ടായി ഇത് മറികടക്കണമെന്നും അദ്ദേഹം പറഞ്ഞു.

    ആഗോളതലത്തില്‍ 2.7 ബില്യണ്‍ തൊഴിലാളികളെയാണ് ബാധിക്കുക. ഇത് ലോകത്തെ 81 ശതമാനം തൊഴിലാളികള്‍ വരും. പ്രതിസന്ധി മുന്നില്‍ക്കണ്ട് പല രാജ്യങ്ങളിലും വന്‍തോതില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ജോലിസമയ മാറ്റം, ജോലിയില്‍ നിന്നുള്ള പിരിച്ചുവിടല്‍ എന്നിവയാണു നടക്കുന്നത്. 2020 ഏപ്രില്‍ ഒന്നിലെ കണക്കനുസരിച്ച് 2020 രണ്ടാം പാദത്തില്‍ ജോലി സമയം 6.7 ശതമാനം കുറയുമെന്ന് ഐഎല്‍ഒയുടെ പുതിയ ആഗോള കണക്കുകള്‍ സൂചിപ്പിക്കുന്നു.

Tags:    

Similar News