സിയാച്ചിനില്‍ മഞ്ഞിടിച്ചില്‍; നാല് സൈനികരടക്കം ആറ് മരണം

Update: 2019-11-19 04:29 GMT

ന്യൂഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് ആറ് മരണം. നാലു സൈനികരും രണ്ട് ചുമട്ടുതൊഴിലാളികളുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കാണാതായി. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. സമുദ്രനിരപ്പില്‍ നിന്ന് 19,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞത്. പട്രോളിങിനിടയില്‍ മഞ്ഞുമല ഇടിഞ്ഞതിനെത്തുടര്‍ന്ന് സൈനികരടങ്ങുന്ന എട്ടംഗസംഘം മഞ്ഞിനടിയില്‍ കുടുങ്ങിരുന്നതായി സൈനികവൃത്തങ്ങള്‍ ഇന്നലെ അറിയിച്ചിരുന്നു. ഹിമാലയന്‍ പര്‍വതനിരയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനില്‍ പട്രോളിങില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞിടിച്ചില്‍ ആരംഭിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്ന സൈനികരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ കരസേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്. ലേയില്‍നിന്നുള്ള പോലിസ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനെത്തും. മൈനസ് 60 ഡിഗ്രിവരെ തണുപ്പ് അനുഭവപ്പെടുന്ന ഈ സമയങ്ങളില്‍ പ്രദേശത്ത് മഞ്ഞുമലയിടിച്ചില്‍ പതിവാണ്.




Tags: