കോടതിയലക്ഷ്യം; ആന്ധ്രയില്‍ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും

Update: 2021-09-03 09:08 GMT

ഹൈദരാബാദ്: കോടതിയലക്ഷ്യക്കേസില്‍ ആന്ധ്രാപ്രദേശില്‍ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും വിധിച്ചു. സര്‍ക്കാര്‍ സര്‍വീസിലുള്ള നാല് ഉദ്യോഗസ്ഥരെയും സര്‍വീസില്‍നിന്നും വിരമിച്ച ഒരാളെയുമാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ശിക്ഷിച്ചത്. പ്രിന്‍സിപ്പല്‍ ഫിനാന്‍സ് സെക്രട്ടറി ഷംഷേര്‍ സിങ് റാവത്ത്, മുഖ്യമന്ത്രിയുടെ അഡീഷനല്‍ സെക്രട്ടറി രേവു മുത്യാല രാജു, എസ്പിഎസ് നെല്ലൂര്‍ ജില്ലാ കലക്ടര്‍ കെവിഎന്‍ ചക്രധര ബാബു, മുന്‍ കലക്ടര്‍ എം വി ശേഷഗിരി ബാബു എന്നിവരെയാണ് ശിക്ഷിച്ചത്. മുത്യാല രാജു മുമ്പ് എസ്പിഎസ് നെല്ലൂര്‍ ജില്ലയുടെ കലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി ആദിത്യ നാഥ് ദാസ് ഉള്‍പ്പെടെ മറ്റ് മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ കേസില്‍നിന്ന് ഒഴിവാക്കി. എന്നാല്‍, ഒരുമാസത്തേക്ക് ശിക്ഷ റദ്ദാക്കാന്‍ ജസ്റ്റിസ് ദേവനന്ദ് ഉത്തരവിട്ടു. 2017 ല്‍ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (റവന്യൂ) ആയിരുന്ന വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ മന്‍മോഹന്‍ സിങ്ങിനെയും കേസില്‍ ശിക്ഷിച്ചിട്ടുണ്ട്. എസ്പിഎസ് നെല്ലൂര്‍ ജില്ലയിലെ കര്‍ഷകനായ തല്ലാപക സാവിത്രാമ്മ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് ജസ്റ്റിസ് ബട്ടു ദേവനന്ദ് വിധി പ്രസ്താവിച്ചത്. റാവത്തിനും സിങ്ങിനും ഒരുമാസം തടവും മറ്റുള്ളവര്‍ക്ക് രണ്ടാഴ്ച തടവുമാണ് വിധിച്ചത്.

ഓരോരുത്തര്‍ക്കും 1,000 രൂപ പിഴയും ചുമത്തി. 2017 ലെ കോടതി ഉത്തരവില്‍ ഉദ്യോഗസ്ഥര്‍ 'മനപ്പൂര്‍വമായ അനുസരണക്കേട്' വരുത്തുയതിന്റെ പേരിലാണ് കോടതിയലക്ഷ്യക്കുറ്റം ചുമത്തിയത്. 2015 ല്‍ സാവിത്രാമ്മയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ മൂന്നേക്കറോളം ഭൂമി ഏറ്റെടുത്തിരുന്നു. നഷ്ടപരിഹാരമോ അറിയിപ്പോ നല്‍കാതെയാണ് റവന്യൂ അധികാരികള്‍ ഭൂമി നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന് നല്‍കിയത്. 2016 ഡിസംബറില്‍ റവന്യൂ അധികാരികള്‍ ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയും അത് ലോകായുക്തയെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ നടപടിയുണ്ടാവാത്തതിനെത്തുടര്‍ന്ന് തല്ലപ്പക സാവിത്രാമ്മ ഹൈക്കോടതിയില്‍ ഒരു റിട്ട് ഹരജി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് എ രാജശേഖര്‍ റെഡ്ഡി ഹര്‍ജിക്കാരന് അനുകൂലമായി വിധിക്കുകയും മൂന്നുമാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് 2017 ഫെബ്രുവരി 10ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ റവന്യൂ അധികാരികള്‍ തയ്യാവാത്തതിനെത്തുടര്‍ന്ന് 2018 ല്‍ തല്ലാപക സാവിത്രാമ്മ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തു. 2021 മാര്‍ച്ചായിട്ടും നഷ്ടപരിഹാരം നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ കോടതി തീരുമാനിച്ചത്.

Tags: