ചിപ്പ് ഉപയോഗിച്ച് പെട്രോള്‍ ഡീസല്‍ അളവില്‍ കൃത്രിമം; 33 പമ്പുകള്‍ അടച്ചുപൂട്ടി
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 17, ഭാരത് പെട്രോളിയം കോര്‍പറേഷന്റെ 9, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും എസാറിന്റെയും 2 വീതം പമ്പുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്.
അമരാവതി: ഇലക്ട്രോണിക് ചിപ് ഉപയോഗിച്ച് പെട്രോള്‍ ഡീസല്‍ അളവില്‍ കൃത്രിമം കാണിച്ച 33 പെട്രോള്‍ പമ്പുകള്‍ അടച്ചുപൂട്ടി. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ പമ്പുകളാണ് പൂട്ടിച്ചത്. പോലിസും മെട്രോളജി വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ ആയിരം മില്ലി ഇന്ധനം വാങ്ങിക്കുമ്പോള്‍ 970 മില്ലി മാത്രം ലഭിക്കുന്ന രീതിയിലായിരുന്നു തട്ടിപ്പ്. ഡിസ്‌പ്ലേ ബോര്‍ഡില്‍ കൃത്യമായ അളവ് കാണിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ അളവ് കുറവായിരിക്കും ഉപഭോക്താവിന് ലഭിക്കുക. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 17, ഭാരത് പെട്രോളിയം കോര്‍പറേഷന്റെ 9, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും എസാറിന്റെയും 2 വീതം പമ്പുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്.
ചിപ്പുകള്‍ പമ്പ് ഉടമയുടെ മൗനാനുവാദത്തോടെയാണ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതെന്ന് സൈബറാബാദ് പൊലിസ് കമ്മീഷണര്‍ വിസി സജ്ജനാര്‍ പറഞ്ഞു. ഇതുവഴി കോടിക്കണക്കിനു രൂപയാണ് ഈ പമ്പുകള്‍ വെട്ടിച്ചത്. 80000 രൂപ മുതല്‍ 120000 രൂപ വരെ ചെലവിലാണ് ഓരോ ചിപ്പുകളും സ്ഥാപിച്ചിരുന്നത്. ഒമ്പത് പേരെ ഇതിനകം പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് ഉടമകളും ചിപ് വിതരണം ചെയ്ത രണ്ട് പേരും ഒളിവിലാണ്. ആന്ധ്രപ്രദേശിലെ എലുരു സ്വദേശികളാണ് ഇവര്‍. മുംബൈയില്‍ നിന്നുമാണ് തട്ടിപ്പിനാവശ്യമായ ചിപ്പുകളും ഇലക്ട്രോണിക്‌സ് സാധനങ്ങളും എത്തിച്ചിരുന്നതെന്നാണ് വിവരം. ജോസഫ്, ഷിബു ജോസഫ് എന്നിവരാണ് സാധനങ്ങള്‍ എത്തിച്ച് നല്‍കിയിരുന്നതെന്നാണ് വിവരം. തട്ടിപ്പിനേക്കുറിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനേയും ഭാരത് പെട്രോളിയം ലിമറ്റഡിനേയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനേയും അറിയിച്ചതായി പൊലിസ് വ്യക്തമാക്കി.
