അഫ്ഗാനിസ്താനിലെ മസ്ജിദില്‍ സ്‌ഫോടനം; 33 പേര്‍ കൊല്ലപ്പെട്ടു, 43 പേര്‍ക്ക് പരിക്ക്

Update: 2022-04-22 19:24 GMT

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനിലെ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 33 പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു. വടക്കന്‍ പ്രവിശ്യയായ കുന്ദൂസിലെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. സ്‌ഫോടനത്തില്‍ മരിച്ച 33 പേരില്‍ കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു. 'ഞങ്ങള്‍ ഈ കുറ്റകൃത്യത്തെ അപലപിക്കുന്നു... ദു:ഖിതരോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു- അദ്ദേഹം പറഞ്ഞു.

കുന്ദൂസ് നഗരത്തിന് വടക്കുള്ള സൂഫികള്‍ക്കിടയില്‍ പ്രചാരമുള്ള മൗലവി സിക്കന്ദര്‍ പള്ളിയുടെ ചുവരുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. പള്ളിയിലെ കാഴ്ച ഭയാനകമായിരുന്നു. പള്ളിക്കുള്ളില്‍ ആരാധന നടത്തിയിരുന്ന പലര്‍ക്കും പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്- പള്ളിക്ക് സമീപത്തെ കട ഉടമയായ മുഹമ്മദ് ഈസ പറഞ്ഞു. സ്‌ഫോടനത്തില്‍ 30നും 40നും ഇടയില്‍ ആളുകള്‍ക്ക് പരിക്കേറ്റതായി സമീപത്തെ ജില്ലാ ആശുപത്രിയിലെ നഴ്‌സ് എഎഫ്പിയോട് പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഒന്നിലധികം ബോംബ് സ്‌ഫോടനങ്ങളാണ് രാജ്യത്തുണ്ടായത്. വടക്കന്‍ നഗരമായ മസാര്‍ ഇ ഷെരീഫിലെ ഷിയ പള്ളിയിലുണ്ടായ ബോംബ് ആക്രമണത്തില്‍ കുറഞ്ഞത് 12 വിശ്വാസികള്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തതായാണ് റിപോര്‍ട്ടുകള്‍. വ്യാഴാഴ്ച കുണ്ടൂസ് നഗരത്തില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചൊവ്വാഴ്ച കാബൂളിലെ ആണ്‍കുട്ടികളുടെ സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 25ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെയുണ്ടായ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. മസാര്‍ ഇ ഷെരീഫിലെ പള്ളിയില്‍ വ്യാഴാഴ്ച നടന്ന ബോംബാക്രമണത്തിന്റെ സൂത്രധാരനെ തങ്ങള്‍ അറസ്റ്റ് ചെയ്തതായി വെള്ളിയാഴ്ച താലിബാന്‍ അധികൃതര്‍ പറഞ്ഞു. തങ്ങളുടെ സൈന്യം ഐഎസിനെ പരാജയപ്പെടുത്തിയെന്ന് താലിബാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags:    

Similar News