ബോംബ് ഭീഷണി; ജര്‍മ്മനിയില്‍ മുസ്‌ലിം പള്ളികളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

ജര്‍മ്മനിയില്‍ വലതുപക്ഷ പാര്‍ട്ടികളുടെ കുപ്രചാരണങ്ങളുടെ ഭാഗമായി സമീപകാലത്തായി മുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്

Update: 2019-07-12 03:06 GMT

ബെര്‍ലിന്‍: മുസ്‌ലിംകളെ ബോബ് സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തുമെന്ന ഭീഷണിയെ തുടര്‍ന്ന് ജര്‍മ്മനിയിലെ മൂന്ന് മസ്ജിദുകളില്‍ നിന്ന് വിശ്വാസികളെ ഒഴിപ്പിച്ചു. ദക്ഷിണ ജര്‍മ്മനിയിലെ ബവേരിയയില്‍ നിന്നുള്ള രണ്ടു മസ്ജിദുകളില്‍ നിന്ന് ഉള്‍പ്പെടെയാണ് വിശ്വാസികളെ പോലിസ് ഒഴിപ്പിച്ചത്. ജയിലില്‍ കഴിയുന്ന തങ്ങളുടെ സഹപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ സംഘടനയാണ് മുസ്‌ലിംകള്‍ക്കെതിരേ വധഭീഷണി ഉയര്‍ത്തി ഇ-മെയില്‍ സന്ദേശം അയച്ചതെന്ന് അനാഡൊളു ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. തുടര്‍ന്ന് പാസിങിലെയും ഫ്രെയ്മാനിലെയും പള്ളികളില്‍ രണ്ടു മസ്ജിദുകളില്‍ പോലിസ് പരിശോധന നടത്തിയെങ്കിലും സംശയകരമായി യാതൊന്നും കണ്ടെത്താനായില്ല. പശ്ചിമ ജര്‍മ്മനിയിലെ നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ എന്നിവിടങ്ങളിലെയും ഐസര്‍ലോണിലെയും മസ്ജിദുകളില്‍ സമാനരീതിയിലുള്ള ഭീഷണിസന്ദേശം ലഭിച്ചതായി കണ്ടെത്തിയിരുന്നു. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവരെ ഉപയോഗിച്ച് ഇവിടെയെല്ലാം പരിശോധന നടത്തിയെങ്കിലും സംശയകരമായി യാതൊന്നും കണ്ടെത്താനായിട്ടില്ല. വിവരമറിഞ്ഞ് നിരവധി പേരാണ് പള്ളി പരിസരത്തെത്തിയത്. ജര്‍മ്മനിയിലെ ഏറ്റവും വലിയ പള്ളിയായ കൊളോനിയിലും സമാനരീതിയിലുള്ള ഭീഷണി സന്ദേശം ലഭിച്ചെങ്കിലും യാതൊന്നും കണ്ടെത്താനായിട്ടില്ല. ജര്‍മ്മനിയില്‍ വലതുപക്ഷ പാര്‍ട്ടികളുടെ കുപ്രചാരണങ്ങളുടെ ഭാഗമായി സമീപകാലത്തായി മുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 813 കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തത്. കായികമായുള്ളതും അസഭ്യം പറയുന്നതും ഇമെയിലിലൂടെ ഭീഷണിപ്പെടുത്തുന്നതും ഉള്‍പ്പെടെയാണ് ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇക്കാലയളവില്‍ 54 മുസ്‌ലിംകള്‍ക്കാണ് വിവിധ ആക്രമണങ്ങളില്‍ പരിക്കേറ്റത്.



Tags:    

Similar News