റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി; മൂന്നുപേര്‍ മരിച്ചു, 20 പേരെ കാണാതായി

Update: 2022-10-05 05:34 GMT

ധക്ക: ബംഗ്ലാദേശ് തീരത്ത് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി മൂന്നുപേര്‍ മരിച്ചു. 20 പേരെ കാണാതായി. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് ബോട്ട് മുങ്ങിയത്. ചൊവ്വാഴ്ച മലേസ്യയിലേക്ക് പുറപ്പെട്ട മല്‍സ്യബന്ധന ബോട്ട് ബംഗാള്‍ ഉള്‍ക്കടലില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. രണ്ട് കോസ്റ്റ് ഗാര്‍ഡ് ബോട്ടുകള്‍ വഴി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഹാല്‍ബുനിയയിലെ തീരനഗരമായ ഷില്‍ഖലി ബീച്ചില്‍ മൂന്ന് റോഹിന്‍ഗ്യന്‍ വനിതകളുടെ മൃതദേഹം അടിഞ്ഞതായി പോലിസ് ഇന്‍സ്‌പെക്ടര്‍ നൂര്‍ മുഹമ്മദ് പറഞ്ഞതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.

'മല്‍സ്യബന്ധനത്തിന് പോവുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തങ്ങള്‍ അവിടേക്ക് പോയിരുന്നു. തുടര്‍ന്ന് 18നും 20 നും ഇടയില്‍ പ്രായമുള്ള മൂന്ന് യുവതികളുടെ മൃതദേഹം കണ്ടെത്തി' പോലിസ് ഇന്‍സ്‌പെക്ടര്‍ എഎഫ്പിയോട് പറഞ്ഞു. കോക്‌സ് ബസാറിലെ ആശുപത്രിയിലേക്ക് ഇവ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും അറിയിച്ചു. സംഭവം മനുഷ്യക്കടത്താണെന്ന് സംശയിക്കുന്നതായും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോക്‌സ് ബസാര്‍ ജില്ലയുടെ തീരത്ത് ഏകദേശം ഒരുദശലക്ഷം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന വിശാലമായ ക്യാംപുകളുടെ സമീപമാണ് അപകടമുണ്ടായത്. നിരവധി നഗരങ്ങളില്‍ നിന്ന് ആളെ കയറ്റിയ ബോട്ടില്‍ 65 പേരുണ്ടായിരുന്നുവെന്ന് കരുതുന്നതായി കോസ്റ്റ് ഗാര്‍ഡ് സ്‌റ്റേഷന്‍ കമാന്‍ഡര്‍ ആഷിഖ് അഹമ്മദ് പറഞ്ഞു. 41 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളും നാലു ബംഗ്ലാദേശികളും അടക്കം 45 പേരെ തങ്ങള്‍ രക്ഷപ്പെടുത്തിയതായും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതപൂര്‍ണമായ സാഹചര്യങ്ങള്‍ മൂലം ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ നിന്ന് ഓരോ വര്‍ഷവും നൂറുകണക്കിന് റോഹിന്‍ഗ്യകള്‍ രാജ്യത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കാറുണ്ട്. കള്ളക്കടത്തുകാര്‍ക്ക് പണം നല്‍കിയാണ് പുറത്തുകടക്കാറുള്ളത്. മ്യാന്‍മറില്‍ അഞ്ചുവര്‍ഷം മുമ്പുണ്ടായ സൈനിക അതിക്രമത്തെ തുടര്‍ന്നാണ് റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികളായെത്തിയത്. മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ക്രൂരതകളില്‍നിന്ന് രക്ഷപ്പെട്ട് ക്യാംപുകളിലേക്കും രാജ്യത്തിന് പുറത്തേക്കും പോവുന്ന റോഹിന്‍ഗ്യകള്‍ യാത്രാമധ്യേ ബോട്ട് മുങ്ങി അപകടത്തില്‍പ്പെടുന്ന നിരവധി റിപോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Tags: