90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ല; യുഎപിഎ കേസിൽ കുറ്റാരോപിതർക്ക് പഞ്ചാബ് കോടതി ജാമ്യം അനുവദിച്ചു
ഇന്ത്യൻ ശിക്ഷാ നിയമം 120-ബി/121/121-എ, ആയുധ നിരോധന നിയമം 25/54/59 യുഎപിഎ 13, 17, 18, 18ബി, 20 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
അമൃത്സർ: 90 ദിവസത്തിനുള്ളിൽ പോലിസ് കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് യുഎപിഎ കേസിൽ കുറ്റാരോപിതർക്ക് പഞ്ചാബ് കോടതി ജാമ്യം അനുവദിച്ചു. അമൃത്സർ ജില്ലാ സെഷൻസ് കോടതി ജഡ്ജി ബിഎസ് സന്ധുവാണ് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുള്ള മൂന്ന് കുറ്റാരോപിതർക്ക് ജാമ്യം അനുവദിച്ചത്.
ഈ വർഷം ജൂൺ 19 നാണ് ഗുർമിത് സിങ്, വിക്രം സിങ് എന്നിവർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമം 120-ബി/121/121-എ, ആയുധ നിരോധന നിയമം 25/54/59 യുഎപിഎ 13, 17, 18, 18ബി, 20 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കേസിലെ മൂന്നാമത്തെ കുറ്റാരോപിതനായ സുഖ്ജിന്ദർ സിങ്ങിനെ ആദ്യഘട്ടത്തിൽ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരുന്നില്ല.
എല്ലാ കുറ്റാരോപിതർക്കും ഒരു ലക്ഷം രൂപയുടെ ബോണ്ട് അല്ലെങ്കിൽ അത്രയും തുകയുടെ സെക്യൂരിറ്റിയിൻമേലാണ് ജാമ്യം അനുവദിച്ചത്. മൂന്ന് പേർക്കും ജാമ്യം നൽകുന്നതിനിടെ 'ബിക്രംജിത് സിങ് vs സ്റ്റേറ്റ് ഓഫ് പഞ്ചാബ്' കേസ് ഉദ്ധരിച്ചു. 2018 നിരങ്കരി ഭവൻ സ്‌ഫോടന കേസിൽ വിചാരണ തടവിൽ കഴിയുന്ന ബിക്രംജിത് സിങിന് ഈ മാസം ആദ്യമാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.
അപേക്ഷകൻ 90 ദിവസത്തിലേറെ കസ്റ്റഡിയിൽ കഴിഞ്ഞു. കുറ്റപത്രം സമർപ്പിക്കുന്നതിൽ പോലിസിന് കഴിഞ്ഞില്ല. കുറ്റപത്രം സമർപ്പിക്കാനുള്ള 90 ദിവസ സമയപരിധി നീട്ടുന്നതിനായി പബ്ലിക് പ്രോസിക്യൂട്ടർ സമർപ്പിച്ച റിപോർട്ട് കോടതി തള്ളിക്കളയുന്നു. ഈ കോടതിയുടെ സംതൃപ്തിക്കായി 1,00,000 രൂപയുടെ വ്യക്തിഗത ബോണ്ടിൻമേലോ ഒരു ആൾ ജാമ്യത്തിൻമേലോ കുറ്റാരോപിതരെ ജാമ്യത്തിൽ വിടുന്നുവെന്ന് കോടതി ഉത്തരവിൽ പറയുന്നു.
