ശക്തമായ പേമാരിയും പൊടിക്കാറ്റും; പാകിസ്ഥാനില്‍ 26 മരണം, 6 പേരെ കടലില്‍ കാണാതായി

ബലൂചിസ്ഥാന്‍, പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. വൈദ്യുതി, ഗതാഗത, വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ പലയിടത്തും താറുമാറായതായും നിരവധി വീടുകള്‍ തകര്‍ന്നതായും റിപോര്‍ട്ടുകളുണ്ട്. പാക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.

Update: 2019-04-17 02:16 GMT

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ രണ്ടുദിവസമായി വീശിയടിച്ച പൊടിക്കാറ്റിലും പേമാരിയിലും 26 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍, പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. വൈദ്യുതി, ഗതാഗത, വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ പലയിടത്തും താറുമാറായതായും നിരവധി വീടുകള്‍ തകര്‍ന്നതായും റിപോര്‍ട്ടുകളുണ്ട്. പാക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. അതേസമയം, മരണപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങള്‍ ഇതുവരെയായും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ബലൂചിസ്ഥാന്‍, പഞ്ചാബ് പ്രവിശ്യകളില്‍ ഒമ്പതുപേര്‍ വീതവും സിന്ധില്‍ അഞ്ചുപേരുമാണ് മരിച്ചത്.


ബലൂചിസ്ഥാനില്‍ 50 പേര്‍ക്ക് പേമാരിയിലും പൊടിക്കാറ്റിലുമുണ്ടായ അപകടത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. ഇവിടെ നേരത്തെ തന്നെ ദുരന്തനിവാരണ അതോറിറ്റി അപകട മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയില്‍ മൂന്നുപേര്‍ മരിച്ചതായി സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. വീടിന്റെ മേല്‍ക്കൂരകളും ഭിത്തിയും തകര്‍ന്നുവീണതായി നിരവധി റിപോര്‍ട്ടുകളാണ് ലഭിച്ചിട്ടുള്ളത്. കറാച്ചി, പഞ്ചാബ് പ്രവിശ്യകളിലുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുകയും പരസ്യബോര്‍ഡുകള്‍ നിലംപൊത്തുകയും ചെയ്തു.

കറാച്ചിയില്‍ സ്‌കൂള്‍ തകര്‍ന്നുവീണ് നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തടവുകാരുമായി പോയ വാഹനത്തിന് മുകളില്‍ മരംവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളും വീടുകളുമെല്ലാം വെള്ളത്തിലായി. ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.

മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. കറാച്ചിയില്‍നിന്നും മല്‍സ്യബന്ധനത്തിനു പോയ 10 പേരടങ്ങുന്ന സംഘത്തെ അറബിക്കടലില്‍ കാണാതായി. പിന്നീട് പാക് നാവികസേന നടത്തിയ തിരച്ചിലില്‍ ആറുപേരെ കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. 

Tags:    

Similar News