കശ്മീരിലേക്ക് കാല്‍ലക്ഷം സൈനികര്‍ കൂടി

കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സൈനികവിന്യാസമെന്ന് വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ആരോപണമുന്നയിക്കുന്നതിനിടെയാണ് അധിക സൈനിക വിന്യാസം

Update: 2019-08-01 17:48 GMT

ശ്രീനഗര്‍: കശ്മീരില്‍ കാല്‍ ലക്ഷം സൈനികരെ കൂടി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. ഈയാഴ്ച 10,000 സൈനികരെ വിന്യസിച്ചതിനു പുറമെയാണിത്. വ്യാഴാഴ്ച രാവിലെ മുതല്‍ താഴ് വരയുടെ വിവിധ ഭാഗങ്ങളില്‍ സൈനികരെ വിന്യസിച്ചതായ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സൈനികവിന്യാസമെന്ന് വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ആരോപണമുന്നയിക്കുന്നതിനിടെയാണ് അധിക സൈനിക വിന്യാസം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ കശ്മീര്‍ സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് ആദ്യം 100 കമ്പനി സൈന്യത്തെ സംസ്ഥാനത്തേക്ക് അയയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. നേരത്തേ, അമര്‍നാഥ് യാത്രയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി കൂടുതല്‍ സുരക്ഷാ സൈനികരെ വിന്യസിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് കൂടുതലായി വിന്യസിച്ച സൈനികരും കാശ്മീരില്‍ തുടരുകയാണ്. ഇതിന് പുറമെയാണ് ആദ്യം പതിനായിരവും പിന്നാലെ കാല്‍ ലക്ഷം അര്‍ധ സൈനികരെയും കൂടി കശ്മീരിലെത്തുന്നത്. ഭരണഘടനയുടെ 35(എ) വകുപ്പും 370ാം വകുപ്പും എടുത്തുകളയാന്‍ നീക്കമുണ്ടെന്ന് കശ്മീരി സംഘടനകള്‍ ആരോപിച്ചിരുന്നു.



Tags: